ഹിമാചൽ പ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 11 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കുകയും നിരവധി പുതുമുഖങ്ങളെ അവതരിപ്പിക്കുകയും ചെയ്തതോടെ ബിജെപിയുടെ പല ക്യാമ്പുകളിലും ഇതേച്ചൊല്ലി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സ്ഥാനാർത്ഥികളെ പിന്തുണച്ച് നൂറുകണക്കിനു പാർട്ടി പ്രവർത്തകർ രാജിവച്ചതോടെ ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രക്ഷുബ്ധമായിരുന്നു.
സീറ്റ് നിഷേധിക്കപ്പെട്ട നിരവധി നേതാക്കൾ നിർണായക സീറ്റുകളിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിനാൽ കോൺഗ്രസും ആശങ്കയിലായിരുന്നു. ചെറിയ മാർജിനുകൾക്കു സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കാൻ കഴിയുന്ന ഹിമാചൽ പ്രദേശ് പോലൊരു സംസ്ഥാനത്ത്, വിമതരുടെ പങ്ക് ശ്രദ്ധേയമാണ്. ഈ അഞ്ച് പ്രധാന സ്വതന്ത്ര സ്ഥാനാർത്ഥികൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.
ഇന്ദു വർമ (തിയോഗ്)
രണ്ട് പതിറ്റാണ്ടായി രാഷ്ട്രീയവുമായി ബന്ധമുള്ള സ്ഥാനാർഥിയാണ് ഇന്ദു വർമ. മൂന്നു തവണ എംഎൽഎയായ രാകേഷ് വർമയുടെ ഭാര്യയാണ്. രണ്ടു വർഷം മുൻപാണ് ഹൃദയാഘാതം മൂലം രാകേഷ് വർമ മരിച്ചത്. തിയോഗ് മണ്ഡലത്തിൽനിന്ന് രണ്ടു തവണ സ്വതന്ത്രനായും ഒരു തവണ ബിജെപി സീറ്റിലും വിജയിച്ചയാളാണു രാകേഷ് വർമ.
ജൂലൈയിലാണ് ഇന്ദു കോൺഗ്രസിൽ ചേർന്നത്. ഇവരുടെ കുടുംബത്തിനു പ്രദേശത്തുള്ള പിന്തുണ തിയോഗ് മേഖലയിലെ സാധ്യത വർധിപ്പിക്കുമെന്നു പാർട്ടി പ്രതീക്ഷിച്ചു. എന്നാൽ മുൻ ഹരിയാന കോൺഗ്രസ് അധ്യക്ഷൻ കുൽദീപ് സിങ് റാത്തോഡ് തിയോഗിൽനിന്നുള്ള സീറ്റ് ആവശ്യപ്പെടുകയും മണ്ഡലത്തിൽനിന്ന് മത്സരിപ്പിക്കുകയും ചെയ്തു.
കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതിലുള്ള നീരസമാണ് ഇന്ദുവിനെ സ്വതന്ത്രയായി മത്സരിക്കാൻ പ്രേരിപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് ജെബിഎൽ ഖാച്ചിയുടെ മകൻ വിജയ് പാൽ ഖാച്ചിയും സ്വതന്ത്രനായി മത്സരരംഗത്തുണ്ടായിരുന്നു. ഹിമാചലിലെ പ്രധാന മണ്ഡലത്തിലെ തോൽവി കോൺഗ്രസിന് കനത്ത തിരിച്ചടിയാകും.
കിർപാൽ സിങ് പർമർ (ഫത്തേപൂർ)
ബിജെപി പ്രവർത്തകനായി തുടങ്ങിയ കിർപാൽ പാർട്ടിയുടെ ജില്ലാ- സംസ്ഥാന ഘടകങ്ങളിലായി പ്രവർത്തിച്ചിരുന്നു. കിർപാൽ രാജ്യസഭാ എംപിയാകുകയും സംസ്ഥാന ബിജെപിയുടെ വൈസ് പ്രസിഡന്റായി നിയമിക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം, ഫത്തേപൂർ ഉപതിരഞ്ഞെടുപ്പിൽ കിർപാലിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം സ്ഥാനം രാജിവച്ചു.
ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ബൽദേവ് താക്കൂറിനെ മത്സരിപ്പിച്ചെങ്കിലും കോൺഗ്രസിന്റെ ഭവാനി പതാനിയയോട് 5,800 ലധികം വോട്ടുകൾക്ക് ബൽദേവ് പരാജയപ്പെട്ടു. ഇത്തവണയും അവഗണിക്കപ്പെട്ട കിർപാൽ, പാർട്ടിക്കു വേണ്ടി 40 വർഷം സേവനം നടത്തിയ തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് ജനങ്ങളോടു പറഞ്ഞു. സംസ്ഥാന മന്ത്രി രാകേഷ് പതാനിയ, ഭവാനി പതാനിയ എന്നിവർക്കെതിരെയാണ് കിർപാൽ മത്സരിച്ചത്.
ഹിതേശ്വർ സിങ് (ബഞ്ചാർ)
കുളുവിൽ, പ്രദേശത്തെ പഴയ രാജകുടുംബത്തിൽനിന്നുള്ള മഹേശ്വർ സിങ്ങിനാണ് ബിജെപി സീറ്റ് നൽകിയത്. ഹിമാചൽ ലോക്ഹിത് പാർട്ടിയുടെ അംഗമായി മഹേശ്വർ നേരത്തെ സീറ്റ് നേടിയിരുന്നു. ലോക്ഹിത് പാർട്ടി പിന്നീട് ബിജെപിയിൽ ലയിച്ചു.
ബിജെപി മത്സരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബഞ്ചറിൽനിന്നു സ്വതന്ത്രനായി മത്സരിക്കുമെന്ന് മകൻ ഹിതേശ്വർ പ്രഖ്യാപിച്ചതോടെ മഹേശ്വരിന്റെ ടിക്കറ്റ് റദ്ദാക്കപ്പെട്ടു. നരോതം സിങ് എന്ന അധ്യാപകനാണ് ബിജെപി മത്സരിക്കാനുള്ള അവസരം നൽകിയത്. ബിജെപിയുടെ സുരീന്ദർ ഷൂരി, ഈ വർഷം ആദ്യം കോൺഗ്രസിൽ ചേർന്ന മുൻ ബിജെപി അധ്യക്ഷൻ ഖിമി റാം എന്നിവർക്കെതിരെയാണ് ഹിതേശ്വർ സ്വതന്ത്രനായി മത്സരിച്ചത്.
ഹിതേശ്വർ സ്വതന്ത്രനായി മത്സരിക്കുന്നത് കുളുവിലും ബഞ്ചാറിലും ബിജെപിക്ക് ആശങ്കയുണ്ടാക്കിയിരുന്നു. പ്രധാന ടൂറിസം കേന്ദ്രവും വികസന പദ്ധതികളുടെ സ്ഥാനവും ആയതിനാൽ പ്രദേശം നിർണായകമാണ്.
ദയാൽ പ്യാരി, ഗംഗുറാം മുസാഫിർ (പച്ചാഡ്)
പട്ടികജാതി (എസ്സി) സമുദായങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സിർമൗറിലെ പച്ചാഡ് മണ്ഡലം രണ്ടു സ്ത്രീകൾ തമ്മിലുള്ള പോരാട്ടത്തിനു സാക്ഷ്യം വഹിച്ചു. സംസ്ഥാനത്തെ 68 നിയമസഭാ സീറ്റുകളിൽ ഇവിടെ മാത്രമാണ് ഇങ്ങനെയൊരു മത്സരം നടക്കുന്നത്.
കഴിഞ്ഞ തവണ ബിജെപി വിമതയായി പരാജയപ്പെട്ട ദയാൽ പ്യാരിയെയാണ് നിലവിലെ ബിജെപി എംഎൽഎ റീന കശ്യപ് നേരിട്ടത്. കോൺഗ്രസ് സീറ്റിലാണ് ദയാൽ ഇത്തവണ മത്സരിച്ചത്. മുതിർന്ന ബിജെപി നേതാവും നഗരവികസന നേതാവുമായ സുരേഷ് കശ്യപ് ഈ മേഖലയിൽ നിന്നുള്ളയാളാണ്.
2019ലെ ഉപതിരഞ്ഞെടുപ്പിൽ ദയാൽ പ്യാരി ബിജെപിയുടെ മുന്നണിപ്പോരാളിയായിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി പ്രേം കുമാർ ധുമലിന്റെ ഗ്രൂപ്പിൽപ്പെട്ടതിനാൽ സുരേഷ് കശ്യപിന്റെയും മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെയും ക്യാമ്പ് അവർക്ക് സീറ്റ് നിഷേധിച്ചുവെന്നാണ് ആരോപണം. പകരം ജില്ലാ പരിഷത്ത് അംഗമായ റീന കശ്യപിനെയാണ് ബിജെപി ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്.
കോൺഗ്രസ് വിമത സ്ഥാനാർത്ഥി ഗംഗുറാം മുസാഫിറും വീർഭദ്ര സിങ്ങിന്റെ പേരിൽ പച്ചാടിൽ മത്സരിച്ചു. ഏഴുതവണ എംഎൽഎയായ ഗംഗുറാം സ്വതന്ത്രനായാണ് മത്സരിച്ചത്.
കെ എൽ താക്കൂർ (നലാഗഡ്)
സോളനിലെ നലാഗറിൽ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് കെ.എൽ.താക്കൂർ സ്വതന്ത്രനായി മത്സരിക്കാനുള്ള തന്റെ തീരുമാനത്തെ പരാമർശിക്കുകയും ജനങ്ങളോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു, “മേരാ ക്യാ കസൂർ (എന്താണ് എന്റെ തെറ്റ്)?” എന്നാണ് അനുയായികളോട് താക്കൂർ ചോദിച്ചത്.
2012 സെപ്റ്റംബറിൽ ഇറിഗേഷൻ ആൻഡ് പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ എക്സിക്യൂട്ടീവ് എൻജിനീയറായിരിക്കെ സ്വയം വിരമിച്ച ശേഷം താക്കൂർ ബിജെപി ടിക്കറ്റിൽ മത്സരിച്ച് നലാഗറിൽ നിന്ന് വിജയിച്ചിരുന്നു. 2017ൽ കോൺഗ്രസിലെ ലഖ്വീന്ദർ സിങ് റാണയോട് 1,300 വോട്ടിനു പരാജയപ്പെട്ട താക്കൂറിന്, റാണ കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് എത്തിയതോടെ ഇത്തവണ സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്തു.
തന്റെ സീറ്റ് തട്ടിയെടുക്കാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ താക്കൂർ റാലികൾ നടത്തി. ഇവിടെ ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (ഐഎൻടിയുസി) സംസ്ഥാന തലവൻ ഹർദീപ് സിങ് ബാവയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി.