ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്ത എംഎൽഎമാർ പ്രതികരണവുമായി രംഗത്ത്. വീട്ടിലേക്കുള്ള മടങ്ങിവരവാണ് നടത്തിയതെന്ന് എംഎല്‍എമാര്‍ പ്രതികരിച്ചു. മുൻ കോൺഗ്രസ് നേതാക്കളായിരുന്ന നാരായൺ ത്രിപാഠി, ശരദ് കോൾ എന്നിവരാണു സർക്കാരിനെ പിന്തുണച്ച് നിയമസഭയിൽ വോട്ട് ചെയ്തത്. വികസനം മുൻ നിർത്തിയാണു കമൽനാഥ് സർക്കാരിനെ പിന്തുണച്ചതെന്നും വീട്ടിലേക്കുള്ള മടങ്ങിവരവാണെന്നും (ഘർവാപസി) ത്രിപാഠിയും കോളും പറഞ്ഞു.
ഇരുവരും ഔദ്യോഗികമായി ഉടൻ കോൺഗ്രസിൽ എത്തും എന്നാണ് വിവരം. കര്‍ണാടക സര്‍ക്കാര്‍ വീണതോടെയാണ് ബിജെപി മധ്യപ്രദേശിനെ ലക്ഷ്യം വച്ച് നീങ്ങിയത്. സർക്കാരിനെ താഴെയിറക്കാനുള്ള നീക്കം ആരംഭിച്ചതായി ബിജെപി സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയിരുന്നു. കര്‍ണാടകയിലെ വിധി കമല്‍നാഥിനേയും കാത്തിരിക്കുന്നു എന്നായിരുന്നു മുൻ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ പ്രതികരണം.
നേതൃത്വത്തിൽ നിന്ന് അനുമതി ലഭിച്ചാൽ 24 മണിക്കൂറിനകം കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവയുടെ വെല്ലുവിളി. ഇതിനു തൊട്ടു പിന്നാലെയാണ് ബിജെപിക്ക് തിരിച്ചടി നൽകിയുള്ള എംഎൽഎമാരുടെ നീക്കം. സർക്കാർ കൊണ്ടുവന്ന ക്രിമിനൽ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ബിജെപി എംഎൽഎമാരായ ശരത് കൗൾ, നാരായൺ ത്രിപാഠി എന്നിവരാണ് വോട്ട് ചെയ്തത്. 2004ൽ കോൺഗ്രസ് വിട്ട തനിക്ക് കുടുംബത്തിലേക്കുള്ള മടക്കി വരവാണിതെന്ന് നാരായൺ ത്രിപാഠി പ്രതികരിച്ചു.
സർക്കാരിനെ ഇറക്കൽ ബിജെപിക്ക് അസാധ്യമാണെന്നും ധൈര്യമുണ്ടെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുമാണ് മുഖ്യമന്ത്രി കമൽനാഥിന്റെ മറുപടി. മന്ത്രി ജിതു പട്വാരിയും ബിജെപിയെ വിമർശിച്ചു. നിലവിൽ 230 അംഗസഭയില്‍ കോണ്‍ഗ്രസിന് 114, ബിഎസ്പിക്ക് 2, എസ്പിക്ക് ഒന്ന്, നാല് സ്വതന്ത്രര്‍ എന്നതാണ് നില. ബിജെപിക്ക് 109 സീറ്റുണ്ട്.