ബിഹാർ: ബിഹാറിൽ മസ്തിഷ്കജ്വരത്തിന് ആക്കം കൂട്ടിയത് കൊടും ചൂടും പോഷകാഹാരക്കുറവുമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. വേണ്ട രീതിയിലുളള ബോധവത്കരണത്തിന്റെ കുറവും പ്രാദേശികമായ ചികിത്സാ സൗകര്യത്തിന്റെ അഭാവവും രോഗം വ്യാപിക്കാന്‍ കാരണമായി. ഇതു വരെ ഈ വര്‍ഷം ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 103 ആയി.

കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

അതേസമയം, കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡ്യക്കുമെതിരെ സാമൂഹ്യപ്രവര്‍ത്തകയായ തമന്ന ഹാഷ്മി കോടതിയെ സമീപിച്ചിരിക്കുകയാണ്. മസ്തിഷ്കജ്വരത്തിനെതിരെ ബോധവല്‍ക്കരണം നടത്തിയിട്ടില്ല, അശ്രദ്ധ മൂലമാണ് ഇത്രയും കുട്ടികള്‍ മരിക്കാനിടയായത് എന്നതൊക്കെ ചൂണ്ടിക്കാട്ടി ഇരുവര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. മുസഫര്‍പൂര്‍ കോടതി ഈ മാസം 24ന് ഹർജി പരിഗണിക്കുന്നുണ്ട്. അതേസമയം, വീണ്ടും ചില കുട്ടികളെ കൂടി മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുന്നൂറിനടുത്ത് കുട്ടികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ജൂൺ ആദ്യവാരമാണ് മുസാഫർപൂരിൽ മസ്തിഷ്‌കജ്വരം പടർന്നുപിടിച്ചത്. അസുഖം പടരുമ്പോഴും മതിയായ നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ മാത്രം 83 കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. കേജ്‌രിവാൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 17 കുട്ടികളും മരിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് കുട്ടികളില്‍ രോഗം കണ്ടുതുടങ്ങിയത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടികള്‍ അബോധവസ്ഥയിലാകുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. കുട്ടികളെ വെയിലേല്‍ക്കാന്‍ അനുവദിക്കരുതെന്നും നല്ല വസ്ത്രങ്ങള്‍ അണിയിക്കണമെന്നും ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുസാഫര്‍പുര്‍, സീതാമാര്‍ഹി, ഷിയോഹര്‍ ജില്ലകളിലാണ് സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook