ന്യൂഡല്‍ഹി: ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് വെവ്വേറെയായി നടത്തണമെന്ന തീരുമാനത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ വന്ന ഒഴിവാണിത്. ജൂലൈ അഞ്ചിനാണ് തിരഞ്ഞെടുപ്പ്.

വേണമെങ്കില്‍ തിരഞ്ഞെടുപ്പിനെതിരെ പരാതിയുമായി ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചു. അഫിഡവിറ്റിനുള്ള മറുപടിയില്‍, വെവ്വേറെ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ യാതൊരു നിയമ തടസവുമില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.

ഗുജറാത്ത് അസംബ്ലിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും എംഎല്‍എയുമായ പരേഷ് ധനാനിയാണ് ഹര്‍ജി നല്‍കിയത്. അമിത് ഷാ ഗാന്ധിനഗറില്‍ നിന്നും സ്മൃതി ഇറാനി അമേഠിയില്‍ നിന്നും മത്സരിച്ച് ജയിച്ചാണ് ലോക്‌സഭയിലെത്തിയത്. ഇരുവരുടേയും രാജ്യസഭാ കാലാവധി 2023 ഓഗസ്റ്റ് വരെയായിരുന്നു.

രണ്ട് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് വ്യത്യസ്ത ഘട്ടങ്ങളിലായാണ് നടത്തുന്നതെങ്കില്‍ രണ്ട് സീറ്റും ബിജെപി നേതാന്‍ സാധ്യതയുണ്ട്. അതേസമയം, ഒന്നിച്ചു നടത്തിയാല്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് നേടാനാകും. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയിലെത്തിയത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എസ്.ജയശങ്കറും ജുഗല്‍ജി മതുര്‍ജിയുമാണ് ബിജെപിയുടെ സ്ഥാനാർഥികള്‍. കഴിഞ്ഞ ദിവസമാണ് ജയ്ശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook