അഹമ്മദാബാദ്: കോവിഡിന്റെ പുതിയ വകഭേദമായ എക്സ്ഇ (XE) ഗുജറാത്തിൽ സ്ഥിരീകരിച്ചു. 67 കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പിലെ ചീഫ് സെക്രട്ടറി മനോജ് അവർവാൾ വ്യക്തമാക്കി. മാർച്ച് 12 നാണ് ഇയാൾക്ക് കോവിഡ് പോസിറ്റീവായത്. ഇയാൾ മുംബൈയിൽ നിന്ന് വഡോദരയിലേക്ക് യാത്ര ചെയ്തിരുന്നു. അവിടെ എത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
”ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്റർ 12 ദിവസം മുമ്പാണ് രോഗിയിൽ എക്സ്ഇ വകഭേദം കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിൾ കൊൽക്കത്ത ലബോറട്ടറിയിലേക്ക് അയച്ചു. ഇന്നലെ രാത്രിയാണ് എക്സ്ഇ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ശ്രമിക്കുകയാണ്,” അഗർവാൾ പറഞ്ഞു.
”ഭാര്യയോടൊപ്പം വഡോദര സന്ദർശിക്കാനെത്തിയ മുംബൈ സ്വദേശിയായ 67കാരനാണ് രോഗി. ഹോട്ടലിൽ എത്തിയപ്പോൾ അയാൾക്ക് പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടു. ഉടൻ തന്നെ കോവിഡ് ടെസ്റ്റ് നടത്തി. പരിശോധന ഫലം പോസിറ്റീവായതും അവർ തിരികെ മുംബൈയിലേക്ക് പോയി. ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണ്. വഡോദരയിൽ ഇയാൾ ആരെയും കണ്ടിട്ടില്ല,” വഡോദരയിലെ മെഡിക്കൽ ഓഫീസർ ഡോ.ദേവേഷ് പട്ടേൽ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഈ ആഴ്ച ആദ്യം വിദേശത്തുനിന്നും എത്തിയ ഒരാൾക്ക് എക്സ്ഇ വേരിയന്റ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ ആരോഗ്യ മന്ത്രാലയം തള്ളിയിരുന്നു.
Read More: കരുതല്‍ ഡോസ്‍ 10 മുതല്‍; ഏത് വാക്സിന്‍, എങ്ങനെ റജിസ്റ്റര്‍ ചെയ്യാം? വിശദാംശങ്ങള്‍