scorecardresearch

നാഗ്പൂരിലെ ജി20 യോഗത്തിന് മുന്നോടിയായി തെരുവിൽ കഴിയുന്നവരെ ഒഴിപ്പിച്ച് അധികാരികൾ

നഗരത്തിന്റെ പല ഭാഗങ്ങളിലും തെരുവിലും മറ്റും താമസിച്ച്, ഉപജീവനം നടത്തുന്നവരോട് നഗരപരിധി വിട്ട് പോകാനും രണ്ട് മാസങ്ങൾക്ക് ശേഷം മാത്രം തിരിച്ചുവരാനുമാണ് നിർദേശം

G20 Summit, eknath shinde, G20 summit in Mumbai, Maharashtra G20 summit, Ekmnath sindhe, , maharashtra news, shinde g20 news, india news

നാഗ്പൂരിൽ നടക്കുന്ന ജി20 യോഗത്തിന് മുന്നോടിയായി ഭിക്ഷാടകർക്കും ഭവനരഹിതർക്കും വിലക്ക് ഏർപ്പെടുത്തി പൊലീസും അധികൃതരും. ട്രാഫിക് സിഗ്നലുകളിലും പൊതുവിടങ്ങളിലും പണം യാചിക്കുന്നത് സർക്കുലറിലൂടെ വിലക്കിയിരിക്കുകയാണ് പൊലീസ്. തെരുവോരങ്ങളിൽ കഴിയുന്ന ഭവനരഹിതർ, ഭിക്ഷാടകർ, നാടോടികൾ എന്നിവർ നഗരപരിധിയ്ക്ക് പുറത്തുപോകണമെന്നാണ് നിർദേശം. അധികാരികളുടെ ഈ പുതിയ നടപടി ആക്ടിവിസ്റ്റുകളിൽ നിന്നും വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. സർക്കുലർ വഴി പാവപ്പെട്ടവരെയും ദുർബലരായ ആളുകളെയും ക്രിമിനലുകളാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് അവരുടെ വാദം.

ട്രാഫിക് ഐലൻഡുകളിലും ഡിവൈഡറുകളിലും പണം ആവശ്യപ്പെടുന്ന ഭിക്ഷാടകർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് വൃക്തമാക്കി മാർച്ച് എട്ടിനാണ് നാഗ്പൂർ പോലീസ് കമ്മീഷണറുടെ ഓഫീസ് സർക്കുലർ പുറപ്പെടുവിച്ചത്. ഐപിസി സെക്ഷൻ 188 പ്രകാരമുള്ള നടപടികളും പ്രസക്തമായ വകുപ്പുകളും അവർക്കെതിരെ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. മാർച്ച് ഒൻപത് മുതൽ ഏപ്രിൽ 30 വരെ ഈ സർക്കുലർ നിലനിൽക്കും.

ജി 20 യോഗവുമായി യാതൊരു ബന്ധവുമില്ല ഈ സർക്കുലറിനെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ യശ്വന്ത് സ്റ്റേഡിയം, കസ്തൂർചന്ദ് പാർക്ക് എന്നിവയുൾപ്പെടെയുള്ള നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഭവനരഹിതരോട് നഗരം വിടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

“നിരവധി വിദേശികൾ നഗരം സന്ദർശിക്കുമെന്നും അതിനാൽ നിങ്ങൾ​ നഗരം വിട്ടുപോകണമെന്നും ഞങ്ങളോട് പറഞ്ഞു. രണ്ട് മാസം കഴിഞ്ഞ് മാത്രമേ തിരിച്ചെത്താൻ പാടുള്ളൂ എന്നാണ് പറയുന്നത്,” നാഗ്പൂരിൽനിന്ന് അമരാവതിയിലേക്ക് പോകാൻ നിർബന്ധിതരായ പാർധി സമുദായത്തിൽ നിന്നുള്ള പ്രീതി ഭോസാലെ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി യശ്വന്ത് സ്റ്റേഡിയത്തിൽ മറ്റു 10 കുടുംബങ്ങൾക്കൊപ്പമാണ് തന്റെ താമസമെന്നും പ്രീതി പറഞ്ഞു.

“രണ്ടു മാസത്തിനുള്ളിൽ തിരിച്ചുവരാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞു, പക്ഷേ അതുവരെ ഞങ്ങളെങ്ങനെ ജീവിക്കുമെന്നറിയില്ല, ” ഈ മാസം ആദ്യം അമരാവതിയിലേക്ക് പോയ ഷാഹു ഭോസാലെ പറയുന്നു. സമുദായാംഗങ്ങൾക്ക് ഗ്രാമത്തിൽ ഭൂമിയോ ജോലിയോ ലഭ്യമല്ലെന്നും അതിനാൽ ഉപജീവനത്തിനായി വർഷങ്ങൾക്ക് മുൻപ് നഗരങ്ങളിലേക്ക് കുടിയേറിയതാണെന്നും ഷാഹു പറഞ്ഞു. മടങ്ങിയെത്തിയാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്നും ഭിക്ഷാടകരുടെ ഷെൽറ്റർ ഹോമിലേക്ക് അയക്കുമെന്നും അധികൃതർ പറഞ്ഞതായും ഷാഹു വെളിപ്പെടുത്തി.

സ്വന്തം നാട്ടിലേക്ക് പോകുക അല്ലെങ്കിൽ ഷെൽട്ടർ ഹോമുകളിലേക്ക് മാറുക എന്നീ നിർദ്ദേശങ്ങളുമായി പോലീസും അധികൃതരും ഭിക്ഷാടകരെ സമീപിക്കുന്നുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ഭിക്ഷാടകരെ മാറ്റി പാർപ്പിക്കാൻ നിർവാഹമില്ലാത്ത സാഹചര്യമാണ്.

സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയം ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ സമഗ്രമായ പുനരധിവാസത്തിനായി 2020 ജനുവരിയിൽ നടത്തിയ ദേശീയ കാംപെയ്‌നിന്റെ ഭാഗമായി മുംബൈയ്‌ക്കൊപ്പം തിരഞ്ഞെടുത്ത രണ്ട് നഗരങ്ങളിലൊന്നാണ് നാഗ്പൂർ. നഗരത്തിൽ 1,601 പേരെ ഇത്തരത്തിൽ മാറ്റിപാർപ്പിക്കേണ്ടതുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തിയിരുന്നു. പദ്ധതി പ്രകാരം 2022 ഏപ്രിലിൽ ഒരു ഷെൽട്ടർ ഹോം തുറന്നു. എന്നാൽ​ ഇതിൽ 150 പുരുഷന്മാരെ താമസിപ്പിക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. ഭവനരഹിതരായവർക്കെതിരെ പോലും ബോംബെ പ്രിവൻഷൻ ഓഫ് ബെഗ്ഗറി ആക്ട് പ്രകാരം നടപടിയെടുക്കാറുണ്ട്. മറ്റ് ആറ് ഷെൽട്ടർ ഹോമുകൾക്കും കൂടി 280 ഭവനരഹിതരെ പാർപ്പിക്കാനുള്ള ശേഷിയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

“ജി20 ഉച്ചകോടി ഉദ്ധരിച്ച്, പല നഗരങ്ങളും ഭവനരഹിതരായ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഈ അവസരം മുതലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് പകരം, ക്രിമിനൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി അവരെ മാറ്റിപ്പാർപ്പിക്കുകയാണ് അധികാരികൾ ​ചെയ്യുന്നത്,” ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ കോഷിഷ്-ഫീൽഡ് ആക്ഷൻ പ്രോജക്ട് ഡയറക്ടർ മുഹമ്മദ് താരിഖ് പറഞ്ഞു. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ നഗരത്തിലെ പല സ്ഥലങ്ങളിൽ നിന്നും ഭവനരഹിതരായ ആളുകളോട് നഗരം വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാഗ്പൂർ കോഷിഷിലെ പ്രോഗ്രാം ഓഫീസർ നിലേഷ് കാംബ്ലെ പറഞ്ഞു.

സർക്കുലർ പ്രകാരം വീടില്ലാത്തവരെയും ഭിക്ഷാടനത്തിൽ ഏർപ്പെട്ടവരെയും പോലീസും തദ്ദേശസ്ഥാപനങ്ങൾ എങ്ങനെ തിരിച്ചറിയുന്നു എന്ന ചോദ്യത്തിന്, പോലീസ് സെൻസിറ്റീവ് ആണെന്നും ഇതുവരെ ക്രിമിനൽ നടപടികളൊന്നും എടുത്തിട്ടില്ലെന്നും നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. എന്നാൽ ‘മറ്റു ഉപജീവനമാർഗങ്ങളുണ്ടായിട്ടും’ കുടുംബത്തോടൊപ്പം തെരുവിൽ കഴിയുന്നവരെയാണ് സർക്കുലറിൽ ഉൾപ്പെടുത്തിയതെന്നും അമിതേഷ് കൂട്ടിച്ചേർത്തു.

ഉപജീവനമാർഗം തേടി അലയുന്ന സമുദായങ്ങളെ ലക്ഷ്യം വയ്ക്കുന്നത് പോലീസ് സർക്കുലറിൽ ഒതുങ്ങുന്നതല്ലെന്നും ഇത് കൊളോണിയൽ കാലഘട്ടം മുതലുള്ളതാണെന്നുമാണ് അഭിഭാഷക ദിഷ വഡേക്കർ പറയുന്നത്. ക്രിമിനൽ ട്രൈബ്സ് ആക്റ്റ് നടപ്പിലാക്കി ആ സമുദായങ്ങളെ ക്രിമിനൽവൽക്കരിക്കാൻ ലക്ഷ്യമിട്ടിരുന്നതായും പറയുന്നു. ഹാബിച്വൽ ഒഫൻഡേഴ്‌സ് ആക്ടും അത്തരം ക്രിമിനൽ നടപടികളിലൂടെ നാടോടികളെയും ഭിക്ഷാടകരെയും പിന്തുടരുന്നത് തുടരുകയാണെന്നും ദിഷ പറഞ്ഞു.

“നിയമങ്ങളിലൂടെ ഈ കമ്മ്യൂണിറ്റികൾക്കെതിരെ ആസൂത്രിതമായാണ് പൊലീസും അധികാരികളും പ്രവർത്തിക്കുന്നത്. ഉപജീവനത്തിനുള്ള മാർഗ്ഗമില്ലാതെ അവർ ഗ്രാമങ്ങളിൽനിന്നു പുറത്താക്കപ്പെടുന്നു. അവർ പിന്നീട് നഗരങ്ങളിൽ കുടിയേറുകയും പരമ്പരാഗതമായി അറിയാവുന്ന പല തൊഴിലുകളിലും ഏർപ്പെട്ട് കളിപ്പാട്ടങ്ങളും മറ്റു നിർമ്മിച്ച് ഉപജീവനം കണ്ടാത്താൻ ശ്രമിക്കുമ്പോൾ അവരെ ഭിക്ഷാടകരെന്ന് മുദ്ര കുത്തുകയും അവർക്ക് ക്രിമിനൽ നടപടികൾ​ നേരിടേണ്ടിയും വരുന്നു,” ദിഷ പറഞ്ഞു.

Stay updated with the latest news headlines and all the latest National news download Indian Express Malayalam App.

Web Title: G20 meeting in nagpur cops start clearing streets of beggars homeless people