അമേഠി: ബരോളി ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവനും സ്മൃതി ഇറാനിയുടെ അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരകനും പ്രാദേശിക ബിജെപി നേതാവുമായ സുരേന്ദ്ര സിങ്(50) വെടിയേറ്റു മരിച്ച നിലയില്‍. അമേഠിയിലെ ഗൗരി ഗഞ്ജില്‍ ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.

വെടിയേറ്റതിന് തുടര്‍ന്ന് മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിങിനെ ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എഎസ്പി ദയാറാം പറഞ്ഞു.

ഇത്തവണത്തെ ലോക് സഭ തിരഞ്ഞെടുപ്പില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഇടമായിരുന്നു ബരോളി. രാഹുല്‍ ഗാന്ധിയെ അപമാനിക്കാനായി സ്മൃതി ഇറാനി ബരോളിയിലെ ഗ്രാമീണര്‍ക്ക് ഷൂ വിതരണം ചെയ്തു എന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.

സുരേന്ദ്ര സിങ് സ്മൃതി ഇറാനിയുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു എന്നും ഷൂ വിതരണത്തില്‍ സുരേന്ദ്രയും പങ്കാളിയായിരുന്നു എന്നും ഗ്രാമീണര്‍ പറയുന്നു. 2014ലെ തിരഞ്ഞെടുപ്പ് മുതല്‍ സ്മൃതിക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് സുരേന്ദ്ര.

ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയെ 42 വര്‍ഷത്തിന് ശേഷം പിടിച്ചെടുത്തതോടെ ബിജെപിയില്‍ തന്നെ ജൈന്റ് കില്ലറെന്ന വിളിപ്പേരിന് അര്‍ഹയായിരിക്കുകയാണ് സ്മൃതി ഇറാനി. 2014-ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച്, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ചാണ് സ്മൃതി വിജയം നേടിയിരിക്കുന്നത്. 50 ശതമാനത്തിലധികം വോട്ടുകളാണ് രാഹുലിനെതിരെ സ്മൃതി നേടിയത്.

കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് അമേഠിയിലെ രാഹുലിന്റെ പരാജയം. കഴിഞ്ഞ തവണ വലിയ രീതിയില്‍ കോണ്‍ഗ്രസിന്റെ ലീഡ് കുറച്ച സ്മൃതി ഇറാനി ഇത്തവണ വിജയം സ്വന്തമാക്കുകയായിരുന്നു. 33,9743 വോട്ടുകളാണ് സ്മൃതി ഇറാനി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ രാഹുലിന് 294290 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ബിഎസ്പി എസ്പി സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ തന്നെ വലിയ രീതിയില്‍ രാഹുല്‍ പരാജയപ്പെടുകയായിരുന്നു. ആകെ 27 സ്ഥാനാര്‍ഥികളാണ് അമേഠിയില്‍ നിന്ന് ജനവിധി തേടിയത്.

Read More: Lok Sabha Elections 2019 Result: അമേഠിയിൽ അടിതെറ്റിയ രാഹുൽ; സ്മൃതി ഇറാനിക്ക് ജയം

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വാര്‍ത്താ സമ്മേളനം നടത്തിയ രാഹുല്‍ ഗാന്ധി തോല്‍വി അംഗീകരിക്കുകയും സ്മൃതി ഇറാനിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ‘എവിടെയാണ് പിഴച്ചതെന്ന് ചര്‍ച്ച ചെയ്യാനുളള ദിവസമല്ല ഇന്ന്. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി ആവട്ടേയെന്ന ഇന്ത്യന്‍ ജനതയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. സ്മൃതി ഇറാനിക്കും അഭിനന്ദനങ്ങള്‍,’ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

റായ്ബറേലി പോലെ തന്നെ കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണായിരുന്നു അമേഠിയും. ഗാന്ധി – നെഹ്‌റു കുടുംബത്തില്‍ നിന്ന് അമേഠിയെ ആദ്യം പ്രതിനിധീകരിച്ചത് ഇന്ദിരാ ഗാന്ധിയുടെ ഇളയമകന്‍ സഞ്ജയ് ഗാന്ധിയാണ്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1977 ലെ പൊതുതിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് ജനവിധി തേടിയ സഞ്ജയ് ഗാന്ധി പരാജയപ്പെടുകയായിരുന്നു.

2004 ലും 2009 ലും മികച്ച മാര്‍ജിനോടെയാണ് രാഹുല്‍ അമേഠിയില്‍ നിന്ന് ജയിച്ചുകയറിയത്. 2004 ല്‍ 66.18 ശതമാനം വോട്ടുകള്‍ നേടി വിജയിച്ച രാഹുല്‍ 2009 ല്‍ അത് 71.78 ശതമാനമായി ഉയര്‍ത്തി. എന്നാല്‍, 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് ശക്തമായ മത്സരം നടത്തേണ്ടി വന്നു. അമേഠിയില്‍ നിന്ന് 46.72 ശതമാനം വോട്ടുകള്‍ മാത്രമാണ് 2014 ലേക്ക് എത്തിയപ്പോള്‍ രാഹുലിന് നേടാനായത്. ഇത്തവണ അത് 43.42 ശതമാനമായി കുറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook