അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അല്‍പേഷിന്റെ സന്തത സഹചാരിയും കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയുമായ ധവാല്‍ സിന്‍ഹ് സാലയും ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ ഗുജറാത്ത് ഘടകം സംസ്ഥാന അധ്യക്ഷന്‍ ജിത്തു വഘാനിയുടെ നേതൃത്വത്തില്‍ ഇരുവരെയും ബി.ജെ.പിയിലേക്ക് സ്വീകരിച്ചു.
വളരെ അച്ചടക്കമുളള പാര്‍ട്ടിയാണ് ബിജെപിയെന്ന് അല്‍പേഷ് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് തന്റെ സമുദായത്തിലുളളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കോണ്‍ഗ്രസില്‍ എനിക്ക് ശ്വാസം മുട്ടലാണ് അനുഭവപ്പെട്ടത്. എന്റെ സമുദായത്തില്‍ പെട്ട പാവപ്പെട്ട ജനങ്ങളുടെ വികസനത്തിന് അവിടെ നിന്ന് എനിക്ക് പ്രവര്‍ത്തിക്കാനായിട്ടില്ല. അവരുടെ നേതാക്കളുടെ നിലപാടും പാര്‍ട്ടിക്കുളളിലെ തല്ലും കാരണം പ്രവര്‍ത്തനം അസാധ്യമായിരുന്നു,’ അല്‍പേഷ് പറഞ്ഞു.
ഗുജറാത്തില്‍ ഈ മാസം അഞ്ചിന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്ത ശേഷം അല്‍പേഷ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. താക്കൂര്‍ സമുദായത്തിലെ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് അല്‍പേഷ് താക്കൂര്‍. ഗുജറാത്ത് താക്കൂര്‍ സേനയിലൂടെയാണ് അല്‍പേഷ് രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനാകുന്നത്. ഈ വര്‍ഷം ഏപ്രില്‍ പത്തിന് കോണ്‍ഗ്രസ് വിട്ട ഇരുവരും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്ത ശേഷം എം.എല്‍.എ സ്ഥാനവും രാജിവച്ചിരുന്നു.
താക്കൂര്‍ സമുദായ നേതാവായി ശ്രദ്ധേയനായ അല്‍പേഷ് 2017 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നോര്‍ത്ത് ഗുജറാത്തിലെ രാധന്‍പൂര്‍ സീറ്റില്‍ നിന്നും ആരവല്ലി ജില്ലയിലെ ബയാദില്‍ നിന്നും ഇയാള്‍ വിജയിച്ചിരുന്നു. ബീഹാറിന്റെ ചുമതല ഉണ്ടായിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടി കൂടിയായിരുന്നു അല്‍പേഷ്.