ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അപകീര്‍ത്തി കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ അപകീര്‍ത്തി കേസ്. രാഹുല്‍ ഗാന്ധിക്കെതിരെ തെറ്റായ പരാമര്‍ശം നടത്തിയതിനാണ് പത്താല്‍ഗോണ്‍ പൊലീസ് കേസെടുത്തത്.

ജഷ്പൂര്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് പവന്‍ അഗര്‍വാളിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. താന്‍ നടത്തിയത് തെറ്റായ പരാമര്‍ശമാണെന്ന് സ്വാമിക്ക് തന്നെ അറിയാമെന്ന് അഗര്‍വാള്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ശത്രുത ഉണ്ടാക്കി കലാപം ഉണ്ടാക്കാനായിരുന്നു സ്വാമിയുടെ പ്രസ്താവനയുടെ ഉദ്ദേശമെന്നും അഗര്‍വാള്‍ പറഞ്ഞു.

സ്ഥിരമായി കൊക്കെയിന്‍ ഉപയോഗിക്കുന്ന ആളാണ് രാഹുലെന്നും പരിശോധന നടത്തിയാല്‍ ഉറപ്പായും പരാജയപ്പെടുമെന്നും എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന. 70 ശതമാനം പ‌ഞ്ചാബികളും ലഹരിയുടെ അടിമയാണെന്ന കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബികള്‍ ലഹരി മരുന്നിന് അടിമയാണെന്ന് പ്രസ്താവന നടത്തിയത് രാഹുല്‍ ഗാന്ധിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ഉത്തേജക പരിശോധനയ്‌ക്ക് വിധേയമാകണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

പഞ്ചാബിലെ പൊലീസുകാരുള്‍പ്പടെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മയക്കുമരുന്നു പരിശോധന നിര്‍ബന്ധമാക്കി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുകൂടാതെ മയക്കുമരുന്നു കടത്തുകാര്‍ക്കും വില്‍പ്പനക്കാര്‍ക്കും വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook