ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ പൊതു ബജറ്റ് അവതരണത്തിന് ഇനി ഒരു മാസം മാത്രമാണ് ബാക്കി. ധനകാര്യമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. സോഷ്യൽ മീഡിയ വഴി പലരും പങ്കുവച്ച ബജറ്റ് അവതരണത്തിലേക്കുളള ആശയങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുകയാണ് ധനകാര്യമന്ത്രി. തന്റെ ടീം ഈ ആശയങ്ങളും നിർദേശങ്ങളും ക്രോഡീകരിക്കുകയാണെന്നും അവർ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് നിർമ്മല സീതാരാമൻ ഈ വിവരം പങ്കുവച്ചത്. ”പണ്ഡിതന്മാരും, സാമ്പത്തിക വിദഗ്‌ധരും പത്രത്തിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കുവച്ച ചിന്തകൾക്കും ആശയങ്ങൾക്കും നന്ദി പറയുന്നു. പലതും ഞാൻ വായിച്ചു. എന്റെ ടീം എനിക്ക് നൽകാനായി അവയെല്ലാം ക്രോഡീകരിക്കുന്നുണ്ട്. ഓരോ ചെറിയ വാക്കിനും വില നൽകുന്നുണ്ട്. ഇനിയും ഇത് തുടരുക” ഇതായിരുന്നു നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തത്. #Budget2019 എന്ന ഹാഷ്‌ടാഗും കേന്ദ്രമന്ത്രിയുടെ ട്വീറ്റിനൊപ്പമുണ്ട്. ഈ ഹാഷ്‌ടാഗിലാണ് ബജറ്റിനെക്കുറിച്ചുളള നിർദേശങ്ങളും ആശയങ്ങളും പങ്കുവയ്ക്കേണ്ടത്.

ജൂലൈ 5 നാണ് പൊതു ബജറ്റ് അവതരിപ്പിക്കുക. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സർക്കാർ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിലെ പ്രഖ്യാപനങ്ങൾ പൊതു ബജറ്റിലും ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2019-20 ലെ ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൊതു ബജറ്റിലും ആവര്‍ത്തിക്കുമെന്ന് ബുധനാഴ്ച മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

തന്റെ ബജറ്റ് അവതരണത്തിൽ മന്ദഗതിയിലുളള സമ്പദ്‌വ്യവസ്ഥ, ധനകാര്യ രംഗത്തെ വെല്ലുവിളികൾ, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, പൊതുനിക്ഷേപം ഉയർത്തൽ എന്നിവയെക്കുറിച്ച് നിർമ്മല സീതാരാമൻ സംസാരിച്ചേക്കും. ജൂലൈ നാലിന് 2019-20 ലെ സാമ്പത്തിക സർവ്വേ മേശപ്പുറത്ത് വയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook