ന്യൂഡല്‍ഹി: വോട്ടിങ്ങിനു മുമ്പ്  തന്നെ ജ്യോതിഷികളെയും, ഭാവി പ്രവചനക്കാരെയും ചീട്ട് ഉപയോഗിച്ചുളള (ഭാവി പ്രവചന കാർഡ്) പ്രവചനവും  രാഷ്ട്രീയ വിശകലനവിദഗ്ദ്ധരേയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ നടത്തുന്ന മാധ്യമ സമീപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

” സെക്ഷന്‍ 126 എ പ്രകാരം തിരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി ഭാവി തിരഞ്ഞെടുപ്പുകളില്‍ സമാന്തരസ്വഭാവമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്” എന്നാണ് പത്രങ്ങളേയും ന്യൂസ് ചാനലുകളേയും വിലക്കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പറയുന്നത്. വ്യാഴ്‌ചയാണ്  കമ്മീഷന്‍ ഈ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്.

തിരഞ്ഞെടുപ്പിനു മുന്നേയുള്ള 48 മണിക്കൂറു മുതല്‍ കഴിയുന്നത്‌ വരെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നതിനെ തടയുന്നതാണ് സെക്ഷന്‍ 126 എ.

ഉത്തര്‍പ്രദേശ്‌ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട ഇലക്ഷന്‍ കഴിഞ്ഞയുടനെ തന്നെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട ‘ദൈനിക്‌ ജാഗരന്‍’ വെബ്സൈറ്റിനെതിരെ എഫ്ഐആര്‍ രേഖപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപിക്കു വ്യക്തമായ മുന്‍‌തൂക്കം സൂചിപ്പിക്കുന്നതായിരുന്നു എക്സിറ്റ് പോള്‍ ഫലം.

ഈ വിലക്കിനെ ജ്യോതിഷികളെയും ഭാവിപ്രവാചകരേയും രാഷ്ട്രീയ വിശകലന വിദഗ്ദ്ധരേയും ഉപയോഗിച്ചു തിരഞ്ഞെടുപ്പ് പ്രവചനം നടത്തുന്ന മാധ്യമപരിപാടികളിലേക്കും വ്യാപിപ്പിക്കാനാണ് കമ്മീഷന്‍റെ തീരുമാനം.

ഇത്തരം പ്രവണതകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും എന്ന നിരീക്ഷണം ആണ് കമ്മീഷന്‍ മുന്നോട്ട് വെക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ