ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ ഡൽഹിയിൽ ഇന്നും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എഐസിസി ആസ്ഥാനത്തിന് അകത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എതുത്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസ് നടപടിയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ ജെബി മേത്തർ അടക്കമുള്ള മഹിളാ കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ഇന്നലെയും ഐഐസിസി ആസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിക്ക് ഒപ്പം ഇ.ഡി ഓഫീസിലേക്ക് പോകാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളെ ഡൽഹി പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. മുതിർന്ന നേതാക്കളായ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ഐഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എംപിമാരെയും മുതിർന്ന നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.
അതിനിടെ, രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരുകയാണ്. ഇന്നു 11.35 ഓടെയാണ് രാഹുൽ ചോദ്യം ചെയ്യലിന് ഹാജരായത്. രാഹുലിനൊപ്പം സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയും ഇ.ഡി ഓഫിസിൽ എത്തിയിരുന്നു. തിങ്കളാഴ്ച രാഹുലിനെ 10 മണിക്കൂറോളം ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ ഇ.ഡി ഓഫീസിലെത്തിയ രാഹുലില്‍നിന്ന് രാത്രി 11.45വരെ മൊഴിയെടുത്തു.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് ജൂൺ രണ്ടിനാണ് ഹാജരാവാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചത്. രാഹുൽ വിദേശത്തായതിനാൽ ജൂൺ 13ലേക്ക് സമയം നീട്ടി നൽകുകയായിരുന്നു. ഈ മാസം 23 ന് സോണിയ ഗാന്ധിയുടെ മൊഴിയെടുക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്
പാർട്ടി മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന് 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം.
Read More: 5ജി സ്പെക്ട്രം ലേലത്തിന് അനുമതി നൽകി കേന്ദ്രമന്ത്രിസഭ