രാജ്യം ഇന്നു യോഗ ദിനം ആചരിക്കുകയാണ്. ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗ ദിന പരിപാടികൾ നടന്നു. ഇതിന്റെ ചിത്രങ്ങൾ പലരും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നുണ്ട്.

Read Also: യോഗ ശീലമാക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു: നരേന്ദ്ര മോദി

ഇത്തവണത്തെ യോഗ ദിനത്തിൽ വളരെ വ്യത്യസ്തമായൊരു ഫോട്ടോയാണ് പ്രതിരോധ വക്താവ് ട്വിറ്റർ പേജിൽ പങ്കുവച്ചത്. ഇന്ത്യൻ ആർമിയിലെ ഡോഗ് യൂണിറ്റ് ട്രെയിനർമാർക്കൊപ്പം യോഗ പരിശീലിക്കുന്നതിന്റെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ബിഎസ്എഫിലെ ഡോഗ് യൂണിറ്റ് യോഗാസനം ചെയ്യുന്നതിന്റെ വീഡിയോ എഎൻഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് പ്രധാനമന്ത്രി യോഗാദിനാചരണത്തിന്റെ പരിപാടികളില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിക്കൊപ്പം യോഗാദിനം ആചരിക്കാന്‍ ആയിരങ്ങളാണ് റാഞ്ചിയിലെത്തിയത്. എല്ലാവരോടും യോഗ ശീലമാക്കാന്‍ താന്‍ അഭ്യര്‍ഥിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയില്‍ പറഞ്ഞു. യോഗയെക്കുറിച്ച് നിരന്തരം അറിഞ്ഞിരിക്കണമെന്നും അത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രായം, നിറം, ജാതി, വംശം എന്നിവയ്‌ക്കെല്ലാം മുകളിലാണ് യോഗ. അത് എല്ലാ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു. യോഗ ഒരു ശീലവും സമര്‍പ്പണവും ആണ്. ജീവിതത്തിലുടനീളം യോഗ അനുഷ്ഠിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമേ രാജ്നാഥ് സിങ്, അമിത് ഷാ അടക്കമുളള കേന്ദ്രമന്ത്രിമാരും യോഗ ദിനാചരണത്തിൽ പങ്കാളികളായി. രാജ്പതിൽ നടന്ന യോഗ ആഘോഷങ്ങളിലാണ് രാജ്നാഥ് സിങ് പങ്കെടുത്തത്. ഇതിന്റെ ചിത്രം അദ്ദേഹം തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

യോഗാ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ പേജിൽ വിവിധ ആസനങ്ങളുടെ വീഡിയോ പങ്കുവച്ചിരുന്നു. അത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook