ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ഒരാഴ്ചയായി നീണ്ടുനിന്ന ഡോക്ടര്‍മാരുടെ സമരം അവസാനിച്ചതോടെ ഇന്ന് മുതല്‍ ഡോക്ടര്‍മാര്‍ ജോലിക്ക് കയറും. ബംഗാളിലെ ഡോക്ടര്‍മാര്‍ പണിമുടക്കിയതോടെ രാജ്യത്തൊട്ടാകെ സമരം പടര്‍ന്നിരുന്നു. തിങ്കളാഴ്ച രാജ്യത്തൊട്ടാകെ ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പണിമുടക്കിയിരുന്നു.

ഡല്‍ഹിയില്‍ മാത്രം 15,000ത്തോളം ഡോക്ടര്‍മാരാണ് തിങ്കളാഴ്ച പണിമുടക്കിയത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. ഡോക്ടര്‍മാരുടെ സംരക്ഷണം മമത സര്‍ക്കാര്‍ ഉറപ്പുനല്‍കി.

Read More: സമരം അവസാനിപ്പിച്ച് എയിംസിലെ ഡോക്ടർമാർ

മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച വേണമെന്നതടക്കമുള്ള ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ച. കൊല്‍ക്കത്തയിലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 31 ഡോക്ടര്‍മാര്‍ പങ്കെടുത്തു.

ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ച പ്രധാനപ്പെട്ട എല്ലാ ആവശ്യങ്ങളും യോഗത്തില്‍ മമത അംഗീകരിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക ഹോട്‌ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ദ്രുതഗതിയിൽ‍ ഇടപെടലുണ്ടാവുമെന്നും മമത ഉറപ്പ് നല്‍കി.

അക്രമത്തിനിരായ ഡോക്ടറെ ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്നും മമതാ ബാനര്‍ജി ഡോക്ടര്‍മാരെ അറിയിച്ചു. എന്‍ആര്‍എസ് ആശുപത്രിയിലെ ഡോക്ടര്‍മാരെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന സമരക്കാരുടെ ആവശ്യത്തോടും മമത അനുകൂലമായി പ്രതികരിച്ചു. തുടര്‍ന്നാണ് പശ്ചിമബംഗാളിലെ ആരോഗ്യമേഖലയെ പിടച്ചുകുലുക്കിയ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook