ന്യൂഡൽഹി: തിങ്കളാഴ്ച്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. പശ്ചിം ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഡോക്ടര്‍മാരുടെ നീക്കം. ഇതൊരു അഭിമാന പ്രശ്നമായി കണക്കാക്കി രാജ്യത്തെ പ്രതിസന്ധിയിലേക്ക് തളളി വിടുകയാണ് മമതാ ബാനര്‍ജിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. അതേസമയം സമരം പിന്‍വലിക്കണമെങ്കില്‍ മമത നിരുപാധികം മാപ്പ് പറയണമെന്ന് സമരം നടത്തുന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

ജൂനിയർ ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ ആരംഭിച്ച സമരം രൂക്ഷമാകുകയാണ്. ബംഗാളിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിൽനിന്ന് 43 ഡോക്ടര്‍മാര്‍ രാജിവച്ചു. സമരം നാലാം ദിവസത്തേക്ക് കടന്നതോടെയാണ് ഡോക്ടര്‍മാര്‍ കൂട്ടരാജി പ്രഖ്യാപിച്ചത്.

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 16 ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പിന് രാജി സമര്‍പിച്ചു. സംസ്ഥാനത്തെ നിലവിലത്തെ സ്ഥിതിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ നിന്നും 27 ഡോക്ടര്‍മാര്‍ രാജി വച്ചു. ഡാര്‍ജിലിങ്ങിലെ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ രാജിവച്ചു. എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ സുപ്രണ്ട് രാജിവച്ചു.

ഡൽഹിയിലെ എയിംസിലടക്കം ഡോക്ടർമാർ ഐക്യദാർഢ്യവും പ്രതിഷേധവും നടത്തി. എയിംസിലെ ഡോക്ടർമാർ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധനുമായി ചർച്ച നടത്തുകയും ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഡോക്ടർമാരുടെ സുരക്ഷ അടക്കം സർക്കാർ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ വിവിധ കോണുകളിൽനിന്ന് ഡോക്ടർമാർക്ക് പിന്തുണ വർധിക്കുകയാണ്. മുംബൈ, പട്ന, ഹൈദരാബാദ്, ജയ്പൂർ അടക്കം പല നഗരങ്ങളിലേയും ഡോക്ടർമാർ വെള്ളിയാഴ്ച പണിമുടക്കി ഐക്യദാർഢ്യവുമായി ഒത്തുചേർന്നു. ഐക്യദാർഢ്യം പ്രഖാപിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പ്രതിഷേധം നടന്നു. എയിംസിലെ പണിമുടക്കിനെ തുടർന്ന് വെള്ളിയാഴ്ച നിരവധി രോഗികൾക്കാണ് ഡോക്ടർമാരെ കാത്തുനിൽക്കേണ്ടി വന്നത്.

Read More: ദേശീയ വാര്‍ത്തകള്‍

ചൊവ്വാഴ്ച കൊൽക്കത്ത എൻആർഎസ്​ മെഡിക്കൽ കോളേജിൽ രണ്ടു​ ഡോക്​ടർമാർ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ്​ സമരം പ്രഖ്യാപിച്ചത്​. 75കാരനായ രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ കാരണമാണെന്ന് കുടുംബം ആരോപിക്കുകയും 200ഓളം പേരടങ്ങിയ ആൾക്കൂട്ടം ആശുപത്രിയിൽ ഇരച്ചെത്തി ഡോക്ടർമാരെ മർദിക്കുകയുമായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് ഡ്യൂട്ടിയിൽ എത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അന്ത്യശാസനം നൽകിയിരുന്നു. സമരത്തിന് പിന്നിൽ ബിജെപിയാണെന്നാണ് മമത ആരോപിച്ചത്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ്​ ഡോക്​ടർമാരുടെ തീരുമാനം.

സമരം ബംഗാളിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. സംസ്ഥാനത്തെ നിരവധി ആശുപത്രികളിലെ ഡോക്ടർമാർ സമരത്തോടൊപ്പം ചേർന്നിട്ടുണ്ട്. ആശുപത്രികളിലെ പ്രതിസന്ധി തരണം ചെയ്യാൻ സഹകരിക്കണമെന്നാവശ്യപ്പെട്ട്​ മമത ബാനർജി ആശുപത്രികളിലെ സീനിയർ ഡോക്​ടർമാർക്ക്​ കത്തയച്ചു. സഹായം അഭ്യർഥിച്ച് ഡോക്​ടർമാർ ഗവർണറുമായും ചർച്ച നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook