ഭോപ്പാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ ബിജെപിയുടെ പ്രഗ്യാ സിങ് ഠാക്കൂറിനോട് ഏറ്റ പരാജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ പ്രതികരണം. പ്രഗ്യയുടെ വിജയം ആശങ്കപ്പെടേണ്ട വിഷയമാണെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ആശയം അദ്ദേഹത്തെ കൊലപ്പെടുത്തിയ ഗോഡ്‌സെയുടെ ആശയത്തോടാണ് പരാജയപ്പെട്ടതെന്നും സിങ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രഗ്യാ സിങ്ങിനെ വിവാദത്തില്‍ ചാടിച്ച പരാമര്‍ശമായിരുന്നു ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നു എന്നത്. ഈ പ്രസ്താവന പരാമര്‍ശിച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
”ഇന്ന് ഈ രാജ്യത്ത് മഹാത്മാ ഗാന്ധിയുടെ കൊലയാളിയുടെ ആശയം ജയിച്ചിരിക്കുന്നു. രാജ്യത്ത് സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിച്ച വ്യക്തിയുടെ ആശയം പരാജയപ്പെട്ടിരിക്കുന്നു” മാധ്യമപ്രവര്‍ത്തകരോടായി ദിഗ് വിജയ് സിങ് പറഞ്ഞു. അതേസമയം താന്‍ വിധി അംഗീകരിക്കുന്നതായും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1989 മുതല്‍ ഭോപ്പാലില്‍ നിന്നും ബിജെപി ഒരു പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. സ്‌ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട പ്രഗ്യ സിങ് ദേശീയത ഉയര്‍ത്തിയാണ് ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നത്. മലേഗാവ് സ്‌ഫോടനക്കേസി്ല്‍ ജാമ്യത്തിലാണ് ഇപ്പോള്‍ പ്രഗ്യാ സിങ് ഉളളത്.
രാഷ്ട്രപിതാവ് ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമര്‍ശത്തില്‍ ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞിരുന്നു. വിവാദ പരാമര്‍ശത്തില്‍ ബിജെപി പ്രഗ്യ സിങ്ങിനെ കയ്യൊഴിഞ്ഞതിന് പിന്നാലെയാണ് പ്രഗ്യ സിങ് മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്.
ഗോഡ്സെ ദേശഭക്തനാണെന്നും ഇനിയും ദേശഭക്തനായി തന്നെ അറിയപ്പെടുമെന്നുമാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞത്. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആദ്യം ആത്മപരിശോധ നടത്തണം. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിനുതക്ക മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു പ്രഗ്യാ സിങ്.