ബെംഗളൂരു: വിവാദമായ ഐഎംഎ കുംഭകോണ കേസിലെ മുഖ്യപ്രതി മന്‍സൂര്‍ ഖാനുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മന്‍സൂര്‍ ഖാനുമായി കുമാരസ്വാമി നില്‍ക്കുന്ന ചിത്രം വിവാദമായതോടെയാണ് അദ്ദേഹം വിചിത്രമായ വാദവുമായി രംഗത്തെത്തിയത്. മന്‍സൂര്‍ ഖാനുമൊത്ത് ‘ഞാന്‍ ബിരിയാണി കഴിച്ചിട്ടില്ല’ എന്നാണ് തിങ്കളാഴ്ച കുമാരസ്വാമി വിധാന്‍ സൗധയില്‍ പറഞ്ഞത്.

‘ഒരു കേസിലെ പ്രതിയുടെ വീട്ടില്‍ വച്ച് ഞാന്‍ ബിരിയാണി കഴിച്ചു എന്നാണ് ആരോപണം. റമസാന്‍ കാലത്ത് എന്നെ ക്ഷണിച്ചിരുന്നു. ഞാന്‍ അവിടെ പോയി. പക്ഷെ ഞാന്‍ ബിരിയാണി കഴിച്ചിട്ടില്ല. ആരോഗ്യം മോശമായത് കൊണ്ട് ഞാന്‍ നോണ്‍-വെജ് ഭക്ഷണം ഒഴിവാക്കിയിരുന്നു. രണ്ട് ഉരുള ചോറ് മാത്രമാണ് ഞാന്‍ കഴിച്ചത്,’ കുമാരസ്വാമി പറഞ്ഞു. പ്രതിപക്ഷം ചിരിച്ചും പരിഹസിച്ചും ആണ് അദ്ദേഹത്തിന്റെ വിശദീകരണം കേട്ടത്. ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ ഒച്ചവച്ചു.

വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ബിജെപിയാണ് വിഷയം ഉയര്‍ത്തിക്കാണിച്ചത്. കേസ് അന്വേഷിക്കുന്ന അന്വേഷണ ഏജന്‍സിക്ക് താന്‍ തടസമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎംഎ കുംഭകോണ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രത്യേക കള്ളപ്പണം തടയല്‍ ആക്ട് പ്രകാരം എന്‍ഫോഴ്സ്മെന്‍റ് മന്‍സൂര്‍ ഖാനെ കസ്റ്റഡിയില്‍ വിടുന്നത്. ജൂലൈ 23 വരെയായിരുന്നു കസ്റ്റഡി. വെള്ളിയാഴ്ച രാവിലെ ന്യൂ ഡല്‍ഹി വിമാനമത്താവളത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.

ഐ മോണിറ്ററി അഡ്വൈസറി എന്ന നിക്ഷേപ കമ്പനി സ്ഥാപിച്ച് 40,000 ത്തിലധികം ആളുകളില്‍ നിന്നായി കോടികള്‍ തട്ടിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബി.ആര്‍.രവികാന്ത് ഗൗഡ തലവനായ ഒരു 11 അംഗ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് ഇയാളെ അന്വേഷിച്ച് വരികയായിരുന്നു. അതിനിടയിലാണ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഇയാളെ പിടികൂടുന്നത്. അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ റോഷന്‍ ബേഗും ഈ കമ്പനിക്കെതിരെ രംഗത്തെത്തി. താന്‍ പ്രസ്തുത കമ്പനില്‍400 കോടി രൂപ നിക്ഷേപിച്ചിട്ടിണ്ടെന്ന് റോഷന്‍ പറഞ്ഞു.

ഹൃദയ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് മന്‍സൂര്‍ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. കടുത്ത മാനസിക സമ്മർദമാകാം അസുഖത്തിന് കാരണമെന്ന് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഡയറക്ടര്‍ സി.എന്‍.മഞ്ചുനാഥ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook