അസഹനീയമായ ചൂടിൽ നീറുകയാണ് രാജ്യ തലസ്ഥാനം. 48 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ താപനില. എക്കാലത്തെയും ഉയർന്ന താപനിലയാണിത്. 2014ൽ ചൂട് 47.8 ഡിഗ്രി എത്തിയതായിരുന്നു ഇതിന് മുമ്പ് ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. അതെല്ലാം മറികടന്ന് വീണ്ടും താപനില ഉയരുകയാണ്.
വരും ദിവസങ്ങളിലും ചൂടിൽ കാര്യമായ മാറ്റമുണ്ടകില്ലെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തപനില 47 ഡിഗ്രിക്ക് അടുത്തായിരുന്നു. നഗരത്തിൽ നിന്ന് മാറിയുള്ള പ്രദേശങ്ങളിലും താപനില 45 ഡിഗ്രിയാണ്.
ചൂട് കൂടുന്നതിനെ തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് തുടരുകയാണ്. കനത്ത ചൂടിനെ തുടർന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് ഇപ്പോൾ ഡൽഹിയിലേത്. ചൂട് 45 ഡിഗ്രിയിൽ കൂടുമ്പോഴാണ് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് ജാഗ്രതാ നിർദേശം നൽകുക.
രണ്ട് ദിവസത്തേക്ക് കൂടി ചൂട് 45 ഡിഗ്രിക്ക് മുകളിൽ നിൽക്കാനാണ് സാധ്യത. ജൂൺ പതിമൂന്നിന് ചെറിയ മഴ പെയ്തേക്കുമെന്നും ഇതോടെ ചൂട് രണ്ട് ഡിഗ്രിയോളം താഴുമെന്നുമാണ് പ്രതീക്ഷ.