ന്യൂഡൽഹി: രാജ്യത്ത് 2020 കോവിഡ് കാലത്ത് 81.16 ലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി രജിസ്ട്രാർ ജനറലിന്റെ ഓഫീസ് ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 6 ശതമാനം കൂടുതലാണിത്. 2020ൽ രജിസ്റ്റർ ചെയ്ത ജനനങ്ങളുടെ എണ്ണം 2019ൽ 2.48 കോടിയിൽ നിന്ന് 2.42 കോടിയായി കുറഞ്ഞപ്പോൾ, മരണ രജിസ്ട്രേഷൻ 2019ൽ 76.41 ലക്ഷത്തിൽ നിന്ന് 81.16 ലക്ഷമായി ഉയർന്നതായി സിവിൽ രജിസ്ട്രേഷൻ സംവിധാനത്തിൽ (സിആർഎസ്) നിന്നുള്ള ഡാറ്റ കാണിക്കുന്നു.
ഇത് 2020-ൽ ഇന്ത്യയിലെ ജനന മരണങ്ങളുടെ യഥാർത്ഥ കണക്കല്ല, മറിച്ച് രജിസ്റ്റർ ചെയ്ത ജനന, മരണങ്ങൾ മാത്രമാണ്. അടുത്ത കാലത്തായി ജനന-മരണ രജിസ്ട്രേഷൻ ക്രമാനുഗതമായി ഉയരുകയാണ്. ഉദാഹരണത്തിന്, 2019 ൽ 92 ശതമാനം മരണങ്ങളും രജിസ്റ്റർ ചെയ്തു. രണ്ട് വർഷം മുമ്പ് (2017) 79 ശതമാനം രജിസ്ട്രേഷൻ മാത്രമാണുണ്ടായത്. ഏകദേശം 95 ശതമാനം ജനനങ്ങളും ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം അല്ലെങ്കിൽ എസ്ആർഎസ് (SRS) എന്നറിയപ്പെടുന്ന പ്രത്യേക സർവേ അടിസ്ഥാനമാക്കിയുള്ള പ്രക്രിയയിലൂടെയാണ് ഇന്ത്യയിലെ ജനന മരണങ്ങളുടെ യഥാർത്ഥ എണ്ണം കണക്കാക്കുന്നത്. ഉദാഹരണത്തിന്, 2019-ൽ, ഇന്ത്യയിൽ 83.01 ലക്ഷം പേർ മരിച്ചതായി കണക്കാക്കപ്പെടുന്നു, അതിൽ 76.41 ലക്ഷം മരണങ്ങൾ അല്ലെങ്കിൽ 92 ശതമാനം പേർ സിവിൽ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020-ലെ എസ്ആർഎസ് ഡാറ്റ ഇപ്പോഴും ലഭ്യമല്ല, അതിനാൽ 2020-ലെ രജിസ്ട്രേഷന്റെ ശതമാനം ഇപ്പോൾ അറിയില്ല.
2020 ൽ കോവിഡ് മഹാമാരിയെ തുടർന്നാണ് മരണ നിരക്കിൽ വർധനവ് ഉണ്ടായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2020-ൽ ഏകദേശം 1.49 ലക്ഷം പേർ കോവിഡ്-19 ബാധിച്ച് മരിച്ചു. ഇതുവരെ 5.23 ലക്ഷത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച പുറത്തുവിട്ട സിആർഎസ് കണക്കുകൾ കോവിഡ് -19 മരണങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. ഒരു വർഷത്തിൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ ആകെ എണ്ണത്തെ കുറിച്ച് മാത്രമാണ് പറഞ്ഞിരിക്കുന്നത്.
Read More: രാജ്യം നാലാം തരംഗത്തിലേക്ക് അടുക്കുന്നു? കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നിലെ കാരണമിതാണ്