പൂനെ: സാമൂഹിക പ്രവര്‍ത്തകന്‍ ഡോക്ടര്‍ നരേന്ദ്ര ദബോല്‍ക്കറുടെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായ രണ്ട് പേരും. സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സഞ്ജീവ് അഭിഭാഷകനാണ്.
ഹിന്ദു വാഹിനി പരിഷത് പ്രവര്‍ത്തകനായ പുനലേകര്‍, സനാതന്‍ സന്‍സ്ഥയുടെ നിയമ സംബന്ധമായ കാര്യങ്ങളില്‍ സഹായം നല്‍കുന്നയാളാണ്. അതേസമയം, ഇയാള്‍ക്കെതിരെ വേറേയും നിരവധി കേസുകള്‍ നിലവിലുണ്ട്. സനാതന്‍ സന്‍സ്ഥയുടെ സജീവ പ്രവര്‍ത്തകനാണ് അറസ്റ്റിലായവരില്‍ രണ്ടാമനായ ഭാവെ. 2008ല്‍ താനെയിലെ ഒരു ഓഡിറ്റോറിയത്തിലും തിയറ്ററിലും സ്ഫോടനം നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളുമാണ് ഇയാള്‍. ഈ കേസില്‍ 2013ലാണ് ബോംബെ ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.
2013 ഓഗസ്റ്റ് 20നാണ് ദബോല്‍ക്കര്‍ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അക്രമികളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. 2016 ജൂണിലാണ് ദാബോല്‍ക്കര്‍ വധക്കേസിലെ ആദ്യ അറസ്റ്റ് നടക്കുന്നത്. ഇ.എന്‍.ടി സര്‍ജനും സനാതന്‍ സന്‍സ്ഥ അംഗവുമായ ഡോ. വീരേന്ദ്ര തവാഡെയായാണ് അന്ന് അറസ്റ്റിലായത്. ദബോല്‍ക്കറെ വധിക്കുന്നതിലെ മുഖ്യ ആസൂത്രകനായിരുന്നു ഇയാളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വീരേന്ദ്ര താവ്‌ഡെയെ അറസ്റ്റ് ചെയ്യുന്നത്.
തവാഡെക്കെതിരേ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരായ സാരംഗ് അകോല്‍കര്‍, വിനയ് പവാര്‍ എന്നിവരാണ് തവാഡെയുടെ നിര്‍ദേശപ്രകാരം ദാബോല്‍ക്കറെ വധിച്ചതെന്ന് പറയുന്നുണ്ട്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇവര്‍ക്കൊപ്പം സച്ചിന്‍ ആന്‍ഡുറെ, ശരദ് കലാസ്‌കര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.