ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനുപിന്നാലെ സിപിഎം കൂടുതൽ പ്രതിസന്ധിയിലേക്ക്. പാർലമെന്റ് ഹൗസിലെ ഓഫീസ് സിപിഎമ്മിന് നഷ്ടമായേക്കും. പാർലമെന്റ് ഹൗസിലെ മൂന്നാം നിലയിലെ റൂം നമ്പർ 135 ആണ് സിപിഎമ്മിന്റെ ഓഫീസ്. ദശാബ്ദങ്ങളായി സിപിഎമ്മിന്റേതായ ഈ ഓഫീസ് നഷ്ടമായേക്കുമെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റ് കുറഞ്ഞതാണ് ഓഫീസ് നഷ്ടപ്പെടാൻ കാരണമെന്നാണ് വിവരം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകൾ മാത്രമാണ് സിപിഎമ്മിന് നേടാനായത്. നിലവിൽ രാജ്യസഭയിൽ സിപിഎമ്മിന് 5 എംപിമാർ മാത്രമാണുളളത്. 2014 ൽ 9 സീറ്റുകൾ നേടിയപ്പോഴും പാർലമെന്റ് ഹൗസിലെ ഓഫീസ് സിപിഎമ്മിന് നഷ്ടമായേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. പക്ഷേ സീതാറാം യെച്ചൂരി രാജ്യസഭാ അംഗമായതിനാൽ അതുണ്ടായില്ല. എന്നാൽ മൂന്നാം തവണയും രാജ്യസഭയിലേക്ക് മത്സരിക്കാനില്ല എന്നു സീതാറാം യെച്ചൂരി നിലപാടെടുത്തതോടെ രാജ്യസഭയിൽ പാർട്ടിക്ക് ഇത്തവണ ശക്തനായ നേതാവില്ല. അതിനാൽ തന്നെ ഇത്തവണ പാർട്ടിക്ക് ഓഫീസ് നഷ്ടമായേക്കുമെന്നും വൃത്തങ്ങൾ പറയുന്നു.

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എക്കാലത്തേയും മോശം പ്രകടനമാണ് ഇടതുപക്ഷം നടത്തിയത്. അഞ്ചു വർഷം മുമ്പ് 29.93 % ഉണ്ടായിരുന്ന വോട്ടുനില ഇത്തവണ 7.48 % ആയി ചുരുങ്ങി. 2004 ലെ തിരഞ്ഞെടുപ്പിലാണ് സിപിഎം മികച്ച നേട്ടം സ്വന്തമാക്കിയത്. 43 സീറ്റുകളാണ് പാർട്ടി നേടിയത്.

Read Also: തിരിച്ചടി നേരിട്ടു, തിരുത്തലുണ്ടാകും: സീതാറാം യെച്ചൂരി

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും ഇത്തവണ പാർട്ടിക്ക് ഒരു സീറ്റ്പോലും നേടാനായില്ല. 2014ൽ ബംഗാളിലും ത്രിപുരയിലും രണ്ടിടത്തു വീതം സിപിഎം സ്ഥാനാർഥികളാണു ജയിച്ചത്. എന്നാൽ ഇത്തവണ ഒരിടത്തുപോലും ജയിച്ചില്ല. 1977 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ബംഗാളില്‍ ഇത്രയും മോശം പ്രകടനം സിപിഎം ഇതുവരെ കാഴ്ചവച്ചിട്ടില്ല എന്ന് വേണം പറയാന്‍. 2011 ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം ബംഗാളില്‍ തിരിച്ചുവരാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. ഇത്തവണ മത്സരം പലയിടത്തും തൃണമൂലും ബിജെപിയും തമ്മിലായിരുന്നു. സിപിഎം ചിത്രത്തിലേ ഇല്ലാത്ത അവസ്ഥ. ഒരിടത്തും സിപിഎം രണ്ടാം സ്ഥാനത്ത് എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന കേരളത്തിൽ ഒരു സീറ്റിൽ മാത്രമേ ജയിക്കാനായുളളൂ. കേരളത്തില്‍ വോട്ട് ശതമാനത്തില്‍ വലിയ തോതില്‍ ഇടിവ് സംഭവിച്ചിട്ടില്ലെങ്കിലും സീറ്റുകളെല്ലാം നഷ്ടമായി. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പല സീറ്റുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ തോറ്റത്. കേരളത്തില്‍ ഏറ്റവും വിജയപ്രതീക്ഷയുണ്ടായിരുന്ന കാസർകോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ സീറ്റുകളില്‍ പോലും കനത്ത പരാജയമാണ് സിപിഎം നേരിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook