ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വയ്ക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തിന് പുറത്താണ് കോണ്‍ഗ്രസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. പാര്‍ട്ടി ഓഫീസിന് പുറത്തെ മരത്തില്‍ തൂങ്ങി മരിക്കാനായിരുന്നു ശ്രമം.
രാഹുല്‍ ഗാന്ധി രാജി വച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. ഇദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. പിന്നീട് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ മരത്തില്‍ നിന്നും താഴെ ഇറക്കി.
രാഹുൽ ഗാന്ധി രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതോടെ കോൺഗ്രസിൽ കൂട്ടരാജി തുടരുകയാണ്. ഉത്തർപ്രദേശിൽ നിന്നുള്ള നിരവധി നേതാക്കളും തങ്ങളുടെ പാർട്ടി പദവികൾ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഡൽഹിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുൽ നിലപാട് ആവർത്തിച്ചു. കൂടുതല്‍ നേതാക്കള്‍ രാജി പ്രഖ്യാപിച്ചതോടെ പ്രവർത്തക സമിതി അംഗങ്ങള്‍ക്കും രാജി സമ്മർദമേറി. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി അറിയിച്ചിട്ട് ഒരു മാസമായി. ഈ സാഹചര്യത്തിലാണ് സമ്മർദവുമായി കോൺഗ്രസ് മുഖ്യമന്ത്രിമാരെത്തിയത്.
Delhi: A Congress worker attempted suicide by trying to hang himself outside Congress Office. He says, "Rahul Gandhi should take back his resignation else I will hang myself." pic.twitter.com/AhoClvzEPk
— ANI (@ANI) July 2, 2019
Read More: മനം മാറ്റമില്ലാതെ രാഹുല്‍ ഗാന്ധി; രാജിയില്‍ നിന്ന് പിന്നോട്ടില്ല
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍, പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. രാജി തിരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന് തങ്ങള്‍ പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചു. തന്റെ മുഖ്യമന്ത്രി സ്ഥാനം പോലും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യോഗത്തില്‍ പറഞ്ഞെങ്കിലും രാഹുല്‍ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോയില്ല.
മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് കോണ്‍ഗ്രസിന് പരിഹരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇനി പുതിയ അധ്യക്ഷനെ തേടുകയാണ് നേതൃത്വം. അങ്ങനെയെങ്കില്‍ 21 വര്‍ഷത്തിനിപ്പുറം ആദ്യമായിട്ടാകും കോണ്‍ഗ്രസിനെ നയിക്കാന്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ എത്തുന്നത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ നേതാവ് എന്നതും ഗെഹ്ലോട്ടിന്റെ പേര് സജീവമാകാന്‍ കാരണമായി. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തില്‍ രാഹുല്‍ ഗാന്ധി പരസ്യമായി വിമര്‍ശിച്ച നേതാവിനെ അധ്യക്ഷനാക്കുന്നത് തെറ്റായ സന്ദേശമാകുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം ആവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തിനു മുന്നിലും രാഹുലിന്റെ വസതിക്ക് മുന്നിലും പ്രവർത്തകർ നിരാഹാര സമരം നടത്തി. മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രാഹുലിന്റെ തിരുമാനം കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇനി പുതിയ അധ്യക്ഷനെ കണ്ടെത്തുകയെന്ന ഭാരിച്ച ചുമതലയാണ് നേതൃത്വത്തിനുള്ളത്.
ലോക്സഭ കക്ഷി നേതാവായിരുന്ന മല്ലികാർജുന്‍ ഗാര്‍ഖെയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വി ചൂണ്ടിക്കാട്ടി എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. എ.കെ.ആന്റണി, ജനാര്ധന് ദ്വിവേദി, മുകുള്‍ വാസ്നിക് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ആര് പുതിയ അധ്യക്ഷനായാലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊള്ളേണ്ടത്. പ്രവര്‍ത്തക സമിതി ഉടന്‍ തന്നെ ചേരുമെന്നാണ് വിവരം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook