ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് യെഡിയൂരപ്പയും പ്രതിപക്ഷ എംഎല്‍എമാരും ഇന്നലെ നിയമസഭയിലാണ് ഉറങ്ങിയത്. പായയും തലയിണയുമായി എത്തിയ എംഎല്‍എമാര്‍ ത്രീഫോര്‍ത്തും ബനിയനും ഒക്കെ നേരത്തെ കരുതി വച്ചിരുന്നു. എന്നാല്‍ രാത്രി അത്താഴം മാത്രം എംഎല്‍എമാര്‍ ഒരുക്കിയിരുന്നില്ല.

കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയും ആയ ജി.പരമേശ്വരയാണ് ബിജെപി എംഎല്‍എമാര്‍ക്ക് അത്താഴം എത്തിച്ച് നല്‍കിയത്. ‘അവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ചിലര്‍ക്ക് പ്രമേഹവും രക്തസമ്മർദവും ഉണ്ട്. അതുകൊണ്ട് അവര്‍ക്ക് വേണ്ടി എല്ലാം ഞങ്ങള്‍ എത്തിച്ച് നല്‍കി. രാഷ്ട്രീയത്തിനപ്പുറം ഞങ്ങള്‍ സുഹൃത്തുക്കളാണ്, അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം,’ പരമേശ്വര പറഞ്ഞു.

ബിജെപി എംഎല്‍എമാര്‍ വിധാന്‍ സൗധയില്‍ വച്ച് അത്താഴം കഴിക്കുന്നതിന്റേയും ഉറങ്ങുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്ന് രാവിലെ ചില എംഎല്‍എമാര്‍ പ്രഭാത സവാരിക്ക് ഇറങ്ങുകയും ചെയ്തു. സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും വിശ്വാസവോട്ട് നടത്താതെ കുമാരസ്വാമി സര്‍ക്കാര്‍ ഭരണത്തില്‍ തുടരുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇന്ന് ഉച്ചയ്ക്ക് 1.30ന് വിശ്വാസവോട്ട് തേടണമെന്ന് കാണിച്ച് ഗവര്‍ണര്‍ വാജുഭായ് വാല മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് കത്തു നല്‍കിയിട്ടുണ്ട്.

Read More: കര്‍ണാടക നിയമസഭയില്‍ ഉറങ്ങി എഴുന്നേറ്റ് ബിജെപി എംഎല്‍എമാര്‍; വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് ഗവര്‍ണര്‍

ബിജെപി അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് വിശ്വാസവോട്ട് നടത്തണമെന്ന് കാണിച്ച് കത്തുനല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നു വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ അറിയിച്ചത്. ഭരണപക്ഷത്ത് 98 അംഗങ്ങള്‍ മാത്രമേ ഇന്നലെ ഉണ്ടായിരുന്നുള്ളൂവെന്നും പ്രതിപക്ഷത്ത് 105 അംഗങ്ങളുണ്ടായിരുന്നുവെന്നുമാണ് ബിജെപി നേതാവ് യെഡിയൂരപ്പ പറഞ്ഞത്. ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി രാജിവച്ച് പുറത്തുപോവുകയാണ് വേണ്ടതെന്നും യെഡിയൂരപ്പ പറഞ്ഞു.

ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും വിശ്വാസവോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ ശ്രമമെന്നാണ് ബിജെപി ആരോപണം. അവിശ്വാസ പ്രമേയ ചര്‍ച്ചയക്കിടെ സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കും. ഈ പ്രസംഗത്തിന് സമയപരിധിയില്ല. ചര്‍ച്ച ഇന്നും പൂര്‍ത്തിയായില്ലെങ്കില്‍ വോട്ടെടുപ്പ് അടുത്താഴ്ചത്തേക്ക് നീട്ടാനാകും. അങ്ങനെ വന്നാല്‍ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook