ന്യൂഡല്‍ഹി: കര്‍ണാടകയിലും ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോണ്‍ഗ്രസ് പ്രതിഷേധം കനക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റില്‍ ഗാന്ധി പ്രതിമക്ക് മുമ്പില്‍ ധർണ നടത്തി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ആനന്ദ് ശര്‍മ്മ തുടങ്ങി പ്രമുഖ നേതാക്കളൊക്കെ ധർണയില്‍ പങ്കെടുത്തു. ഗോവയിലും കര്‍ണാടകയിലും പണാധിപത്യം കൊണ്ട് ഭരണം പിടിക്കാനാണ് ബിജെപി ശ്രമമെന്ന് നേതാക്കള്‍ ആരോപിച്ചു.
കര്‍ണാടകയ്ക്ക് പിന്നാലെ ഗോവ കോണ്‍ഗ്രസിലും പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നതായി കാണിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിനൊപ്പം ഡല്‍ഹിയിലെത്തി. ഇവര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ള 15 എംഎല്‍എമാരില്‍ 10 പേരാണ് ബിജെപിയിലേക്ക് കൂറുമാറുന്നത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറുടെ നേതൃത്വത്തിലാണ് സംഘം നിയമസഭാ സ്പീക്കറെ കണ്ട് കത്ത് നല്‍കിയത്. ബാബു കാവ്ലേക്കര്, ബാബുഷ് മൊണ്‍സെറാട്ട് ,ജെനിഫർ മോൺസെറാട്ട്, ടോണി ഫെര്‍ണാണ്ടസ്, ഫ്രാൻസിസ് സിൽവീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലിയോഫാസിയോ, വിൽഫ്രഡ് ഡിഎസ്എ, നീലകാന്ത് ഹലാർങ്കർ, ഇസിഡോർ ഫെർണാണ്ടസ് എന്നിവരാണ്.
Read More: രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചു; കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി
ഇന്നലെ രാത്രി 7.30ഓടെ നിയമസഭാ മന്ദിരത്തിലെത്തിയാണ് സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോയും നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നു. 10 പേര് കൂടി ബിജെപിയിലേക്ക് ചേക്കേറുന്നതോടെ സഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ള അംഗബലം അഞ്ചായി കുറയും. ബിജെപി 17 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയും. നിലവില്‍ ഗോവ ഫോർവേഡ് പാർട്ടി, എന്‍സിപി, എംജിപി എന്നിവയുടെ പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്.