ബെംഗളൂരൂ: ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും സഖ്യകക്ഷികളും വിജയിച്ചതിന് തൊട്ടുപിന്നാലെ, കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസിനെ “ബൈനോക്കുലറിലൂടെ പോലും കാണാൻ കഴിഞ്ഞില്ല, ” എന്നായിരുന്നു അമിത് ഷായുടെ പരാമർശം. കർണാടകയിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ബി ജെ പിയുടെ ‘വിജയ് സങ്കൽപ് രഥയാത്ര’ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി, ബിദാറിൽ നടത്തിയ റാലിയിൽ ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
ബിദറിൽ എത്തിയ ഷാ, ഗുരു നാനാക് ജീറ സാഹിബ് ഗുരുദ്വാരയിൽ ആദരവ് അർപ്പിക്കുകയും ബിദറിലെ ബസവകല്യൺ പ്രദേശത്തെ അനുഭവ മണ്ഡപയിൽനിന്ന് ആദ്യ ‘വിജയ് സങ്കൽപ് രഥയാത്ര’ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
ത്രിപുരയിലെ 60 സീറ്റുകളിൽ 32 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടി. ഇടതു-കോൺഗ്രസ് സഖ്യത്തെയും ടിപ്ര മോതയെയും മറികടന്നാണിത്. നാഗാലാൻഡിലും പാർട്ടി സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായി (എൻഡിപിപി) അധികാരം നിലനിർത്തി.
മേഘാലയയിൽ, ബിജെപിയുടെ ഭരണ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു. തിരഞ്ഞെടുപ്പിൽ വെവ്വേറെയായി മത്സരിച്ചതിനുശേഷം വീണ്ടും ഇരു പാർട്ടികളും സഖ്യമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.