ചെന്നൈ: ചെന്നൈയിൽ കുടിവെളള ക്ഷാമം രൂക്ഷമാകുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ഡിഎംകെയുടെ നേതൃത്വത്തിൽ സർക്കാരിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ചെപ്പോക്കിൽ തുടങ്ങിയ പ്രതിഷേധത്തിൽ ഡിഎംകെ പാർട്ടി അധ്യക്ഷൻ എം.കെ.സ്റ്റാലിൻ പങ്കെടുത്തു. എംപി ദയാനിധി മാരനും മുതിർന്ന നേതാവ് ജെ.അൻപഴകനും പ്രതിഷേധത്തിൽ പങ്കാളികളായി.

‘വെളളം തരൂ വെളളം തരൂ. കുടം ഇവിടെയുണ്ട്, വെളളം എവിടെ?’ തുടങ്ങിയ മുദ്രാവാക്യം വിളികളുമായി നൂറുകണക്കിന് പേർ സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തു. ചെന്നൈയിലെ കുടിവെളള ക്ഷാമം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെ എംപി ടി.ആർ.ബാലു ലോക്സഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

വെല്ലൂർ ജില്ലയിലെ ജോലാർപേട്ടയിൽനിന്നും വെളളം എത്തിച്ച് നഗരത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കാനാണ് സർക്കാർ നീക്കം. ട്രെയിൻ മാർഗം വെളളം എത്തിക്കാനുളള ശ്രമങ്ങളാണ് തമിഴ്നാട് ജല അതോറിറ്റി നടത്തുന്നത്. ജോലാർപേട്ടയിൽനിന്നും പ്രതിദിനം 10 എംഎൽഡി ലിറ്റർ വെളളം എത്തിച്ച് നിലവിലെ കുടിവെളള പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി വെളളിയാഴ്ച പറഞ്ഞിരുന്നു.

സർക്കാരിന്റെ ഈ ശ്രമങ്ങളെ പ്രതിപക്ഷം ശക്തമായി എതിർക്കുന്നുണ്ട്. ജോലാർപേട്ടയിൽനിന്നും വെളളം കൊണ്ടുവരുന്നത് വെല്ലൂർ മേഖലയിലെ ജലവിതരണത്തെ ബാധിക്കുമെന്നും മറ്റു മാർഗങ്ങൾ തേടണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം അവിടുത്തെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കുമെന്നും പ്രതിപക്ഷം പറയുന്നു.

മഴ ലഭിക്കാത്തതാണ് ചെന്നൈയിൽ കുടിവെളള ക്ഷാമത്തിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ചാറ്റൽ മഴ ലഭിച്ചുവെങ്കിലും ജനങ്ങളുടെ ദുരിതത്തിന് അയവു വന്നില്ല. ശക്തമായ മഴ ലഭിച്ചാൽ മാത്രമേ കുടിവെളള ക്ഷാമത്തിന് പരിഹാരമാകൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook