ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ അനുസരിച്ച് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് ഇന്ത്യന്‍ ബജറ്റ് അവതരിപ്പിച്ച ഏക വനിതാ ധനകാര്യമന്ത്രി. 1970 ഫെബ്രുവരി 28നാണ് ഇന്ദിര കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ഇനി മുതല്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിത ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍.

നിര്‍മ്മലയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ വ്യത്യസ്തമാണ്. സാമ്പത്തിക സ്ഥിതി ഗണ്യമായി മാറി, മുന്‍ഗണനകള്‍ മാറി. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ ഇപ്പോള്‍ പ്രതിബദ്ധതകളാണ്, വോട്ടര്‍മാരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുപോകുന്നതുവരെ ലക്ഷ്യം മാറി.

കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. പ്രളയാനന്തര പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതാണ് പ്രധാന ആവശ്യം. കർഷകരുടെ കടം എ‍ഴുതിത്തള്ളണം, റബ്ബറിന്‍റെ താങ്ങുവില ഉയർത്തണം, കേരളത്തിന് എയിംസ് അനുവദിക്കണം എന്നിവയും സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: ധനസ്ഥിതിയെ തകിടം മറിച്ചത് പ്രളയവും ജി എസ് ടിയും: തോമസ്‌ ഐസക് അഭിമുഖം

പൊതുമാന്ദ്യവും ഗൾഫിൽ നിന്നുള്ള പണം കേരളത്തിലേക്ക് എത്തുന്നത് കുറഞ്ഞതും സംസ്ഥാനത്തിന്‍റെ സമ്പദ്‌ഘടനയെ സാരമായി ബാധിച്ചു. ഒപ്പം പ്രളയം വിതച്ച ദുരിതവും. ഈ സാഹചര്യത്തിലാണ് പ്രളയ പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തിന്‍റെ മുന്നിൽ വച്ചിരിക്കുന്നത്. നിലവിലെ മൂന്ന് ശതമാനം എന്ന വായ്പാ പരിധി നാലര ശതമാനമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു.

കർഷകരുടെ കടങ്ങൾ എ‍ഴുതിത്തള്ളുക, റബ്ബറിന്‍റെ താങ്ങുവില ഉയർത്തുക, കാർഷിക മേഖലയ്ക്ക് കൂടുതൽ വായ്പ അനുവദിക്കുക എന്നിവയാണ് കാർഷികമേഖലയിൽ സംസ്ഥാനം ആവശ്യപ്പെടുന്നത്. കോഴിക്കോട് 200 ഏക്കര്‍ സംസ്ഥാനം കണ്ടെത്തിയ സാഹചര്യത്തില്‍ ഇത്തവണയെങ്കിലും എയിംസ് അനുവദിക്കണം, നിപ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബ് സ്ഥാപിക്കാന്‍ തുക അനുവദിക്കണം എന്നും സംസ്ഥാന നിവേദനത്തിൽ ഉൾപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook