ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്ന് അറിയിച്ച് രംഗത്തെത്തി പൊതുമേഖലാ സ്ഥാപനമായ ബിഎസ‌്എൻഎല്‍. പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോവാന്‍ ബുദ്ധിമുട്ടാണെന്നും ജൂണിലെ ശമ്പള തുകയായ 850 കോടി രൂപ പോലും കണ്ടെത്താനായിട്ടില്ലെന്ന് അറിയിച്ച് സ്ഥാപനം കേന്ദ്രത്തിന്റെ സഹായം തേടി. ഏകദേശം 13.000 കോടിയുടെ ബാധ്യതയാണ് ബിഎസ്എന്‍എല്ലിനുളളത്. ടെലികോം മന്ത്രാലയത്തിന് അയച്ച കത്തിലാണ് ബാധ്യത തീര്‍ക്കാനുളള പരിഹാരം തേടിയത്.

ബിഎസ്എന്‍എല്ലിലെ കരാർ ജീവനക്കാർക്ക‌് ശമ്പളം ലഭിച്ചിട്ട‌് അഞ്ച‌ുമാസമായെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫെബ്രുവരി മുതൽ ശമ്പളത്തിനായി കേരള സർക്കിളിലെ മാത്രം 6778 തൊഴിലാളികള്‍ ചീഫ‌് ജനറൽ മാനേജരുടെ കനിവ‌ിനായി യാചിക്കുമ്പോൾ കിട്ടിയത് പിരിച്ചുവിടൽ നോട്ടീസ‌് ആണ്.

രാജ്യത്ത‌് ആകെയുള്ള ഒരുലക്ഷം തൊഴിലാളികളിൽ 30 ശതമാനം കരാർ തൊഴിലാളികളെ ഒഴിവാക്കാനാണ‌് മാനേജ‌്മെന്റ‌് നിർദേശം. കേരളത്തിൽ ആയിരത്തോളംപേരെ പിരിച്ചുവിടാനാണ് നീക്കം. നിയമപ്രകാരമുള്ള ആനുകൂല്യമൊന്നും ഇവര്‍ക്ക് നല്‍കില്ല. ശമ്പള കുടിശികയോ പെൻഷൻ ആനുകൂല്യങ്ങളോ നൽകാൻ മാനേജ‌്മെന്റ‌് തയ്യാറല്ല. 56 വയസ് തികഞ്ഞവരെല്ലാം പണി മതിയാക്കണമെന്നാണ് നിര്‍ദേശം. കേന്ദ്ര സർക്കാരിന്റെ പെൻഷൻ പ്രായം 60 ആണ‌്.

Read More: ജിയോയെ വെല്ലുന്ന ഓഫറുകളുമായി ബിഎസ്എന്‍എല്‍ കേരളാ പ്ലാന്‍

2000 മുതൽ പുതിയ നിയമനങ്ങളോ തസ‌്തികകളോ സൃഷ്ടിക്കാത്ത ബിഎസ‌്എൻഎല്ലിൽ കരാർ തൊഴിലാളികളാണ‌് കൂടുതലും സേവനമനുഷ‌്ഠിക്കുന്നത‌്. ഉത്തർപ്രദേശ‌ില്‍ പത്തുമാസത്തെയും കർണാടകത്തിൽ എട്ടുമാസത്തെയും തമിഴ‌്നാട്ടില്‍ അഞ്ചുമാസത്തെയും ശമ്പളം കുടിശികയാണ‌്. രാജ്യവ്യാപക പ്രക്ഷോഭത്തിന‌് ഒരുങ്ങുകയാണ‌് തൊഴിലാളികൾ.

കേന്ദ്ര സർക്കാർ ബിഎസ‌്എൽഎൽ ജീവനക്കാരിൽനിന്ന‌് പങ്കാളിത്ത പെൻഷൻ ഇനത്തിൽ ഇതുവരെ കവർന്നത‌് 2500 കോടി രൂപ. ശമ്പള സ‌്കെയിലിലെ അടിസ്ഥാന ശമ്പളത്തിൽനിന്ന‌ാണ‌് പെൻഷൻ ഫണ്ടിലേക്ക‌് നിശ‌്ചിത ശതമാനം തുക വാങ്ങേണ്ടത‌്. എന്നാൽ, വാങ്ങുന്നത‌് ശമ്പള സ‌്കെയിലിലെ മാക‌്സിമത്തിൽനിന്നാണ‌്. 20,000–-40,000 ശമ്പള സ‌്കെയിലുള്ള ജീവനക്കാരന‌് 25,000 രൂപയാണ‌് ശമ്പളം ലഭിക്കുന്നതെങ്കിലും 40,000 രൂപയുടെ നിശ‌്ചിത ശതമാനം പെൻഷൻ ഫണ്ടിലേക്ക‌് നൽകണം.

ബിഎസ‌്എൻഎൽ കരാർ തൊഴിലാളികൾ തിങ്കളാഴ‌്ച മുതൽ തിരുവനന്തപുരത്ത‌് ചീഫ‌് ജനറൽ മാനേജർ ഓഫീസിനു മുന്നിൽ അനിശ‌്ചിതകാല സത്യഗ്രഹം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നുമുതൽ പ്രക്ഷോഭം ജില്ലാ ഓഫീസുകൾക്കു മുന്നിലേക്ക‌് വ്യാപിപ്പിക്കുമെന്ന‌് ബിഎസ‌്എൻഎൽ കാഷ്വൽ കോൺട്രാക്ട‌് ലേബേഴ‌്സ‌് യൂണിയൻ (സിഐടിയു) വർക്കിങ്‌ പ്രസിഡന്റ‌് കെ മോഹനനും സെക്രട്ടറി എൻ.ആർ.സോമശേഖരൻ നായർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook