പട്ന: നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നു കുട്ടികൾ മരിച്ചു. പട്നയിലെ കുഹ്റാർ പ്രദേശത്ത് ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടികളുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറുകയായിരുന്നു. സംഭവത്തിനുപിന്നാലെ കാർ ഓടിച്ചിരുന്ന ആളെ ആൾക്കൂട്ടം മർദിച്ചു കൊന്നു. കൂടെയുണ്ടായിരുന്ന മനീഷ് കുമാറിനും മർദനമേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്.
ഹലേന്ദ്ര മാഞ്ചി (9), രോഹിത് മാഞ്ചി (13), രാജു മാഞ്ചി (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടി മനീഷ് മാഞ്ചി(10)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൗരവ് ഗാംഗുലി എന്നയാളാണ് കാർ ഓടിച്ചിരുന്നത്. നവാഡയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ബിരുദ പരീക്ഷ എഴുതാനായി ഫത്തുവയിലേക്ക് പോവുകയായിരുന്നു ഗാംഗുലി. രാത്രി 1.15 ഓടെ അമിത വേഗതയിലായിരുന്ന XUV 500 കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് ഇടയിലേക്ക് കയറുകയായിരുന്നു. ഇതിനുപിന്നാലെ ആൾക്കൂട്ടം ക്രൂരമായി ഇയാളെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടം ഉണ്ടായതെന്ന് പട്ന സിറ്റി അഡീഷണൽ എസ്പി ബാലിറാം ചൗധരി പറഞ്ഞു. ഡ്രൈവിങ്ങിനിടെ അയാൾ ഉറങ്ങിപ്പോയിരിക്കാം. രണ്ടടിയോളം ഉയരത്തിലായിരുന്ന ഫുട്പാത്തിലേക്കാണ് കാർ പാഞ്ഞു കയറിയതെന്ന് അദ്ദേഹം പറഞ്ഞു.