ഭോപ്പാൽ: ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ മകനും എംഎൽഎയുമായ ആകാശ് വിജയവർഗിയയെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ബാറ്റുപയോഗിച്ച് മർദിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

ഇൻഡോറിലെ ഗഞ്ച് പ്രദേശത്ത് അനധികൃത സ്ഥലത്തുണ്ടായിരുന്ന തകർന്നു വീഴാറായ കെട്ടിടം പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു ആകാശിന്റെ അക്രമം. മുൻസിപ്പൽ കോർപറേഷൻ ഓഫീസർമാർക്കുനേരെ ക്രിക്കറ്റ് ബാറ്റുമായി എത്തിയ ആകാശ് മർദിക്കുകയായിരുന്നു. 10 മിനിറ്റിനുളളിൽ സ്ഥലത്തുനിന്നു പോകണം എന്നു ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മർദനം. പ്രദേശവാസികൾ വിളിച്ചതിനെ തുടർന്നാണ് എംഎൽഎ സ്ഥലത്തെത്തിയത്.

സംഭവത്തിൽ പ്രതികരണം തേടാനായി ആകാശിന്റെ പിതാവിനെയും, ഇൻഡോറിലെ മറ്റൊരു എംഎൽഎയായ രമേശ് മെൻഡോള, മുതിർന്ന നേതാവിന്റെ അടുത്ത അനുയായി എന്നിവരെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല.

ഇതൊരു തുടക്കം മാത്രമാണെന്നും അഴിമതിയും ഗുണ്ടായിസവും തങ്ങൾ അവസാനിപ്പിക്കും എന്നാണ് ആകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആദ്യം അഭ്യർഥന, പിന്നെ അപേക്ഷ, അതു കഴിഞ്ഞാൽ മർദനം, ഇതാണ് തങ്ങളുടെ നയമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook