ന്യൂഡൽഹി: ബിഹാറിലെ മുസഫർപൂർ ജില്ലയിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 126 ആയി. നൂറുകണക്കിന് കുട്ടികൾ ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം മരിച്ച കുട്ടികളുടെ എണ്ണം 93 ആയി.
അതേസമയം, മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ മരിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന പൊതു താൽപര്യ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. കോടതിയുടെ അവധിക്കാല ബഞ്ചായിരിക്കും ഹർജി പരിഗണിക്കുക. ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരടങ്ങുന്ന ബഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്.
രോഗം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവരണ് പൊതുതാൽപര്യ ഹർജി നൽകിയത്. മസ്തിഷ്കജ്വരം ബാധിക്കുന്നത് ലിച്ചിപ്പഴങ്ങളില്‍ നിന്നാണെന്ന സംശയത്തെത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ ഒഡീഷ സര്‍ക്കാര്‍ പഴങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശിൽ കുമാർ മോദിയും ഇന്നലെ ശ്രീകൃഷ്ണ ആശുപത്രി സന്ദർശിച്ചിരുന്നു. വലിയ പ്രതിഷേധമാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.