ന്യൂഡൽഹി: നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ടിവിയിൽ കാണുന്ന യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ചിത്രം സോഷ്യൽ മീഡിയ വഴിയും വാട്സ്ആപ്പ് വഴിയും പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. സച്ചിൻ ജീൻവാൾ എന്നയാളാണ് ഫെയ്സ്ബുക്കിൽ ചിത്രം പങ്കുവച്ചത്.

Modi Cabinet Ministers 2019 Portfolio: അമിത് ഷായ്ക്ക് ആഭ്യന്തരം, രാജ്നാഥ് സിങ്ങിന് പ്രതിരോധം; ടീം മോദി തയ്യാർ

‘ഇതാണ് നരേന്ദ്ര മോദിയുടെ ശക്തി. യുഎസിൽ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഒബാമ വീക്ഷിക്കുന്നു,’ എന്നായിരുന്നു ചിത്രത്തിന് ഹിന്ദിയിൽ കൊടുത്തിരുന്ന അടിക്കുറിപ്പ്. ട്വിറ്ററിൽ മറ്റൊരാൾ ഇതേ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ചിത്രം വൈറലായത്.

ചിത്രത്തിനു പുറമേ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ കാണുന്ന ജനക്കൂട്ടത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പക്ഷേ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഈ ചിത്രവും വീഡിയോയും വ്യാജമെന്നാണ്. ഫോട്ടോഷോപ്പിലൂടെ വ്യാജമായി നിർമ്മിച്ച ഫോട്ടോയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

2014 ൽ ഒബാമ യുഎസ് പ്രസിഡന്റായിരുന്ന സമയത്ത് മിനാപോളിസിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വച്ച് യുഎസ്എ-ജര്‍മനി ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്ന ചിത്രമാണ് ഫോട്ടോഷോപ്പിലൂടെ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഡൗഗ് മില്‍സ് എടുത്ത ചിത്രമാണിത്. 2014 ജൂണ്‍ 26ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

യൂറോ 2016 സീസണിൽ വെയിൽസിനെതിരായ ഇംഗ്ലണ്ടിന്റെ ജയം ആഘോഷിക്കുന്ന ഫുട്ബോൾ ആരാധകരുടെ വീഡിയോയാണ് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ കാണുന്ന ജനക്കൂട്ടമെന്ന പേരിൽ പ്രചരിച്ചത്.

മേയ് 30 നാണ് രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 58 മന്ത്രിമാരാണ് സത്യപ്രതിഞ്ജ ചെയ്തത്. 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര സർക്കാരാണ് നരേന്ദ്ര മോദിയുടേത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook