ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് ഭൂമിതർക്ക കേസില്‍ മധ്യസ്ഥ റിപ്പോര്‍ട്ട് ഈ മാസം 18നകം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ചർച്ചയിൽ പുരോഗതി ഇല്ലെന്നാണ് റിപ്പോർട്ട് എങ്കിൽ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്ന് കോടതി പറഞ്ഞു.
മധ്യസ്ഥ ചർച്ചകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന്റെ നിർദേശം. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. മധ്യസ്ഥ ചർച്ചക്കുള്ള സമയപരിധി ഓഗസ്റ്റ് പതിനഞ്ചിനാണ് അവസാനിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ സമിതി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്.
ജസ്റ്റിസ് എഫ്.എം.ഇബ്രാഹിം ഖലീഫുളള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ജു എന്നിവര്‍ അടങ്ങിയതാണ് മധ്യസ്ഥ സമിതി. രാജേന്ദ്ര സിങ് എന്നയാളാണ് ഹർജി സമര്‍പ്പിച്ചത്. മധ്യസ്ഥതയിൽ യാതൊരു പുരോഗതിയും ഇല്ലെന്ന് കാണിച്ചാണ് ഹര്‍ജി സമർപ്പിച്ചത്. അതുകൊണ്ട് തന്നെ മധ്യസ്ഥതയ്ക്ക് സമയം കളയാതെ വേഗത്തില്‍ വാദം കേള്‍ക്കണമെന്നായിരുന്നു ആവശ്യം.
Read More: അയോധ്യ കേസ്; മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സമയം നീട്ടി നല്കി സുപ്രീം കോടതി
എട്ട് ആഴ്ചയ്ക്കുള്ളില്‍ കക്ഷികളുമായി സംസാരിച്ച് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു മാര്‍ച്ച് എട്ടിന് സുപ്രീം കോടതി ആവശ്യപ്പെട്ടത്. മധ്യസ്ഥ ചർച്ചയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഭൂമിതര്‍ക്ക കേസില്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രീം കോടതി നിലപാട്. അതിൽ കക്ഷികള്‍ക്ക് മധ്യസ്ഥരെ നിർദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. കോടതി നിർദേശപ്രകാരം കക്ഷികള്‍ എല്ലാം മധ്യസ്ഥ ചര്‍ച്ചയ്ക്കായുള്ള പാനല്‍ നിർദേശിച്ചിരുന്നു.
അതേസമയം, മധ്യസ്ഥരെ നിയോഗിക്കണമെന്ന സുപ്രീം കോടതി നിലപാടില്‍ ഹിന്ദു സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാമക്ഷേത്രം നിർമിക്കുന്നതില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്ന് ഹിന്ദു മഹാസഭയും മധ്യസ്ഥനീക്കത്തോട് യോജിപ്പെന്ന് മുസ്ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.
വിശ്വാസവും ആചാരവും സംബന്ധിച്ച വിഷയങ്ങളില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നാണ് കേസില്‍ കക്ഷിയായ രാംലല്ല കോടതിയില്‍ വ്യക്തമാക്കിയത്. ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെങ്കിലേ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വിടാവൂ എന്ന നിലപാടായിരുന്നു യുപി സര്‍ക്കാരും സ്വീകരിച്ചിരുന്നത്. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കാമെന്ന നിലപാടായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റേത്.