ന്യൂഡൽഹി: തകർന്ന വ്യോമസേനയുടെ എഎൻ-32 വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോർഡറും (സിവിആർ) ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും (എഫ്‌ഡിആർ) കണ്ടെടുത്തു. ബ്ലാക് ബോക്സ് എന്നാണ് ഇത് അറിയപ്പെടുന്നത്. വിമാനം തകർന്നുവീണ സ്ഥലത്തുനിന്നുമാണ് രക്ഷാസംഘം ഇവ കണ്ടെടുത്തത്. അപകടത്തിൽ മരിച്ച എല്ലാ വ്യോമസേനാംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനുളള നടപടികൾ രക്ഷാസംഘം തുടരുകയാണ്. രക്ഷാ സംഘത്തിന്റെ പ്രവർത്തനത്തെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സിവിൽ, ആർമി, വ്യോമസേന സംയുക്തമായി മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനുളള ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.
എഎൻ-32 വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഇന്നലെയാണ് വ്യോമസേന അറിയിച്ചത്. ഇന്നലെ രാവിലെയാണ് എട്ടുപേരടങ്ങിയ രക്ഷാസംഘം വിമാനം തകർന്നുവീണ സ്ഥലത്തെത്തിയതെന്നും അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും വ്യോമസേന ട്വീറ്റ് ചെയ്തു. അരുണാചൽപ്രദേശിൽനിന്നും തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത് ദിവസങ്ങൾ പിന്നിടുമ്പോഴാണ് വ്യോമസേനയുടെ വിശദീകരണം. കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി എന്‍.കെ.ഷെരിന്‍ എന്നിവര്‍ അടക്കം 13 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Read Also: തകർന്ന വ്യോമസേന വിമാനത്തിൽനിന്നും ആരും രക്ഷപ്പെട്ടിട്ടില്ല, മലയാളികളടക്കം 13 പേരും മരിച്ചു
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്നാണ് കാണാതായ വ്യോമസേന വിമാനം എഎന്‍ 32ന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെയാണ് വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. ജൂണ്‍ 3 ന് ഉച്ചയ്ക്ക് 12.30 ഓടെ അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതായത്. 1 മണിയോടെ വിമാനവുമായുളള ബന്ധം വിച്ഛേദിക്കപ്പെട്ടു.
വിമാനം കാണാതായി എട്ടാം ദിവസത്തിനൊടുവിലാണ് വിമാനഭാഗങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചത്. എംഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗിച്ചു നടത്തിയ തിരിച്ചിലൊനൊടുവില്‍ അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോ മീറ്റര്‍ അകലെ വച്ച് വിമാനഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.