ന്യൂഡൽഹി: ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേന്ദ്രമന്ത്രി അമിത് ഷാ ബിജെപി പ്രസിഡന്റായി തുടരുമെന്ന് ബിജെപി വൃത്തങ്ങളിൽനിന്നും വിവരം. നാളെ ചേരുന്ന സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ സംഘടന തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന കാര്യത്തിൽ തീരുമാനമാകും. ഡിസംബറിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.

ബിജെപി ദേശീയ ഭാരവാഹികളേയും സംസ്ഥാന ഭാരവാഹികളേയും സംസ്ഥാനങ്ങളുടെ ചുമതലയുളള നേതാക്കളേയും അമിത് ഷാ നാളെ കാണും. ജൂണ്‍ 18ന് ജനറല്‍ സെക്രട്ടറിമാരുടെ യോഗവും അമിത് ഷാ വിളിച്ചിട്ടുണ്ട്.

ബിജെപി പാർലമെന്ററി ബോർഡ് പുതിയ പ്രസിഡന്റിനെയോ വർക്കിങ് പ്രസിഡന്റിനെയോ നിയമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പക്ഷേ ഇന്ത്യൻ എക്‌സ്‌പ്രസ് ബന്ധപ്പെട്ട മൂന്നു മുതിർന്ന പാർട്ടി നേതാക്കളും ഈയൊരു സാധ്യത നിഷേധിക്കുകയാണ് ചെയ്തത്. അതേസമയം, ആഭ്യന്തര തിരഞ്ഞെടുപ്പിനു മേൽനോട്ടം വഹിക്കാൻ ഒരു വർക്കിങ് പ്രസിഡന്റെന്ന സാധ്യത തളളിക്കളയാനാവില്ലെന്നാണ് ഒരു ജനറൽ സെക്രട്ടറി സൂചിപ്പിച്ചത്.

2018 ൽ രാജ്യതലസ്ഥാനത്ത് ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു, സംഘടന തിരഞ്ഞെടുപ്പ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ പ്രസിഡന്റ് സ്ഥാനത്തുളള അമിത് ഷായുടെ കാലാവധി ജനുവരി വരെ നീട്ടി.

2014 ജൂലൈയിൽ രാജ്നാഥ് സിങ്ങിൽനിന്നാണ് ബിജെപി പ്രസിഡന്റ് സ്ഥാനം അമിത് ഷാ ഏറ്റെടുത്തത്. രാജ്നാഥ് സിങ്ങിന്റെ കാലാവധി തീരാൻ 18 മാസം നിൽക്കെയാണ് ഷാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. 2016 ജനുവരിയിൽ അടുത്ത മൂന്നുവർഷത്തേക്ക് ബിജെപി പ്രസിഡന്റായി ഷാ തിരഞ്ഞെടുക്കപ്പെട്ടു. ഒരു വ്യക്തിയെ രണ്ടു തവണ തുടർച്ചയായി പാർട്ടി പ്രസിഡന്റായിരിക്കാൻ ബിജെപിയുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. അതിനാൽ തന്നെ ഇനിയൊരു തവണ കൂടി പ്രസിഡന്റായി തുടരാൻ ഷായ്ക്ക് അവസരമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 303 സീറ്റുകൾ നേടി അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയുടെ ചുമതലയാണ് ഷാ വഹിക്കുന്നത്.

Read Also: ‘ഇനി ആഭ്യന്തര ഷാ’; കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ സ്ഥാനമേറ്റു

വ്യാഴാഴ്ച നടക്കുന്ന യോഗത്തിലായിരിക്കും സംഘടനാ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുകയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പുതുതായുളള അംഗത്വ വിതരണത്തിലൂടെ നടപടികൾക്ക് തുടക്കമാകും. ഇതിനുപിന്നാലെ ജില്ലാ, സംസ്ഥാന തിരഞ്ഞെടുപ്പുകൾ നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പിൽ 50 ശതമാനം പുതിയ ഓഫീസ് ഭാരവാഹികളെ തിരഞ്ഞെടുത്തശേഷം ദേശീയ തലത്തിലെ തിരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങൾ ഒഴികെയുളളവയിലെ ആഭ്യന്തര തിരഞ്ഞെടുപ്പുകൾ ഡിസംബറിനു മുൻപായി കഴിയുമെന്നാണ് പാർട്ടി കരുതുന്നത്.

പാർലമെന്ററി ബോർഡ് യോഗത്തിൽ വച്ച് ഒരു വർക്കിങ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ പാർട്ടിക്ക് ഓപ്ഷനുണ്ടെന്നാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഈ വർക്കിങ് പ്രസിഡന്റായിരിക്കും ആഭ്യന്തര തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുക. ”പക്ഷേ ഇത് അനിവാര്യമൊന്നുമല്ല. ഇപ്പോൾ നിലവിലുളള നേതാക്കൾക്ക് തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാവുന്നതാണ്,” ഒരു പാർട്ടി നേതാവ് പറഞ്ഞു.

മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അമിത് ഷാ നിരീക്ഷിക്കുന്നുണ്ടെന്നും പാർട്ടി നേതാവ് പറഞ്ഞു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി ഒരുക്കുന്ന തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ഞായറാഴ്ച പ്രധാന പാർട്ടി നേതാക്കളുടെ യോഗം അമിത് ഷാ വിളിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook