അമൃത്സര്‍: ലോക് സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ജനങ്ങള്‍ വിധിയെഴുതാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഇന്ത്യൻ എക്സ്‌പ്രസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലാക്കോട്ട് വ്യോമ സേന നടത്തിയ വ്യോമാക്രമണം മോദി തന്റെ വ്യക്തിപരമായ വിജയമായി പാടി നടക്കുന്നുവെന്നും എന്നാല്‍ അതിന് മോദിക്ക് യാതൊരു അവകാശവുമില്ലെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

‘ഇത് തന്റെ വ്യക്തിപരമായ വിജയമാണെന്ന് പറയാന്‍ മോദിക്ക് യാതൊരു അവകാശവുമില്ലെന്നാണ് ഞാന്‍ കരുതുന്നത്. 1947 മുതല്‍ മോദിക്ക് മുമ്പുള്ള മറ്റൊരു പ്രധാനമന്ത്രിയും സൈന്യം നടത്തിയ ആക്രമണം തന്റെ വിജയമാണെന്ന് അവകാശപ്പെട്ടിട്ടില്ല. 1971ലെ യുദ്ധ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷോയ്ക്കാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നല്‍കിയത്.’

‘പിന്നീട് കാര്‍ഗില്‍ യുദ്ധവിജയം സൈന്യത്തിന്റെ നേട്ടമായാണ് അടല്‍ ബിഹാരി വാജ്‌പേയ് വാഴ്ത്തിയത്. അന്നത്തെ സൈന്യ തലവനായി ജനറല്‍ വി.പി മാലിക്കിനേയും അദ്ദേഹം അഭിനന്ദിച്ചു. തിരിച്ചടിക്കാനുള്ള തീരുമാനം തീര്‍ച്ചയായും പ്രധാനമന്ത്രിയുടേതായിരിക്കും. എന്നാല്‍ അത് ചെയ്യുന്നത് സൈന്യമാണ്,’ അദ്ദേഹം പറഞ്ഞു.

ബാലാക്കോട്ട് നടന്ന വ്യോമാക്രമണത്തെ കുറിച്ച് ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. കാര്‍ഗില്‍ യുദ്ധം കഴിഞ്ഞപ്പോള്‍ യുദ്ധത്തിന്റെ ഓരോ ചിത്രങ്ങളും പൊതുജനത്തിനായി പുറത്തുവിട്ടു. ഇന്ന് സാങ്കേതിക വിദ്യ അതിനെക്കാള്‍ വളര്‍ന്നെന്നും അതിനാല്‍ ചിത്രങ്ങള്‍ പുറത്തുവിടാമെന്നും അദ്ദേഹം പറഞ്ഞു.

‘നിരീക്ഷണ വിമാനങ്ങള്‍ അയയ്ക്കുന്നതിനെ കുറിച്ചൊക്കെ മറന്നേക്കൂ, ഓരോ നിമിഷത്തേയും വിവരങ്ങള്‍ ഉപഗ്രഹങ്ങള്‍ നല്‍കും. ഓരോ മിസൈലിലും ഒരു ക്യാമറ വീതം ഉണ്ടാകും. അത് വ്യോമസേനയുടെ പക്കല്‍ ഉണ്ടാകും. അത് എന്തുകൊണ്ട് കാണിക്കുന്നില്ല? അതാണ് നമുക്ക് അറിയേണ്ടത്,’ അദ്ദേഹം പറഞ്ഞു.

“ധാരാളം ആളുകൾ അറിയാൻ ആഗ്രഹിക്കുന്നു, എനിക്കും അറിയണം. കഴിഞ്ഞ എല്ലാ യുദ്ധങ്ങളിലും ഇത് ഒരു പ്രോട്ടോക്കോളാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ, ജർമൻ ഫാക്ടറികളും അണക്കെട്ടുകളും, സൈനിക നിർമ്മിതികളുമെല്ലാം ബോംബിട്ടു തകർത്തിരുന്നു. അതിന്റെയെല്ലാം റിപ്പോർട്ടുകൾ കമാൻഡർ നൽകാറുണ്ടായിരുന്നു. അടുത്ത ദിവസം റിപ്പോർട്ടുകൾ ശരിയാണോ എന്ന് പരിശോധിക്കാൻ ഒരു നിരീക്ഷണ വിമാനവും അയയ്ക്കാറുണ്ടായിരുന്നു.”

“അക്കാലത്തു പോലും യുദ്ധവിമാനങ്ങളിൽ ഗൺ ക്യാമറ മൂവി ഉണ്ടായിരുന്നു. വൈമാനികൻ പറയുന്നത് സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ അത് പരിശോധിക്കുമായിരുന്നു. ഇതെല്ലാം പരീക്ഷിച്ചു വിജയിച്ച മാർഗങ്ങളാണ്. പിന്നെ നിങ്ങൾ എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നത്?” അമരീന്ദർ ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook