ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ സമീപിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു.

സംസ്ഥാനത്തെ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കുകയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും. സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമാകും ഇന്ന് പ്രവര്‍ത്തിക്കുക. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് സമരം. അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെയും ലേബര്‍ റൂമിനെയും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന രീതിയില്‍ കേന്ദ്ര നിയമം വേണമെന്നാണ് ആവശ്യം. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ രാവിലെ 8 മുതല്‍ പത്ത് വരെ ഒപി ബഹിഷ്കരിക്കും. വൈകുന്നേരം നടത്തുന്ന സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ലെന്ന് കെജിഎംഒഎ അറിയിച്ചു.

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്നു രോഗിയുടെ ബന്ധുകള്‍ പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചിരുന്നു. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചതെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കളുടെ ആക്രമണം. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണ്. ഇതിനു പിന്നാലെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.

സമരം നടത്തുന്ന ഡോക്ടര്‍മാര്‍ നാലു മണിക്കൂറിനുള്ളില്‍ സമരം നിര്‍ത്തിവച്ച് ജോലിക്കു കയറണമെന്നും അല്ലാത്തപക്ഷം ഹോസ്റ്റലുകള്‍ ഒഴിയേണ്ടിവരുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി കര്‍ശന നിര്‍ദേശം നല്‍കി. ഇതാണ് ഡോക്ടര്‍മാരുടെ സമരം വ്യാപകമാക്കിയത്. മമത മാപ്പുപറയണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook