ന്യൂഡൽഹി: ഇന്ത്യൻ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ചാവേർ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ അൽഖായിദയുടെ ഭീഷണി. “പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിന്” ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നാണ് ജൂൺ ആറിന് അയച്ച ഭീഷണി കത്തിൽ പറഞ്ഞിരിക്കുന്നത്.
കത്ത് ലഭിച്ചതിനെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിലാണ്. എല്ലാ സംസ്ഥാനങ്ങൾക്കും ഭീഷണിയെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ അറിയിക്കുകയും അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
”പ്രവാചകനെ അനാദരിക്കുന്നവരെ കൊല്ലുമെന്നും തങ്ങളുടെ ശരീരത്തിലും നമ്മുടെ കുട്ടികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കൾ കെട്ടുമെന്നും ഭീഷണി കത്തിൽ പറഞ്ഞിട്ടുണ്ട്. ഡൽഹിയിലും ബോംബെയിലും യുപിയിലും ഗുജറാത്തിലും കാവി ഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കണം. അവർ തങ്ങളുടെ വീടുകളിലോ സൈനിക കന്റോൺമെന്റുകളിലോ അഭയം കണ്ടെത്തരുത്,” കത്തിൽ പറയുന്നു.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന പരാതിയിൽ നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 22ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവാചകനെതിരായ പരാമർശത്തിന്റെ വീഡിയോ വൈറലായതോടെ മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നൂപൂർ ശർമ്മയ്‌ക്കെതിരെ കേസെടുത്തിരുന്നു. സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തത്.
Read More: പ്രവാചക വിരുദ്ധ പരാമർശം: നൂപുർ ശർമയ്ക്ക് ഡൽഹി പൊലീസിന്റെ സുരക്ഷ; മുംബൈ പൊലീസിന്റെ നോട്ടീസ്