ഗാന്ധിനഗര്‍: യാത്രക്കാരന് ഹൃദയസ്തംഭനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് മസ്ക്കറ്റിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു. ഗുജറാത്തിലെ ജാംനഗര്‍ വ്യോമതാവളത്തിലാണ് വിമാനം ഇറക്കിയത്.
എയര്‍ ഇന്ത്യയുടെ 973 വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന മുപ്പത്തിമൂന്നുകാരനാണ് ഹൃദയസ്തംഭനമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ ജാംനഗറിലെ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ വ്യോമ സേനാ ഡോക്ടറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
‘എയര്‍ ഇന്ത്യയുടെ ഡല്‍ഹി-മസ്കറ്റ് ഫ്ളൈറ്റ് ജാംനഗര്‍ എര്‍ഫോഴ്സ് ബേസില്‍ ലാന്‍ഡ് ചെയ്തു. 33കാരനായ ഇന്ത്യന്‍ യാത്രികന് ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്നാണ് ലാന്‍ഡിങ്. ഇന്ത്യന്‍ വ്യോമസേന കൃത്യമായി പ്രവര്‍ത്തിച്ചു. രോഗിയെ ഐഎഫ് ഡോക്ടറുടെ കൂടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്,’ ഗുജറാത്ത് ഡിഫന്‍സിലെ പിആര്‍ഒ പുനീത് ചദ്ദ അറിയിച്ചു.
പിന്നീട് അദ്ദേഹത്തെ ഗുരു ഗോവിന്ദ് ആശുപത്രിയിലേക്കാണ് മാറ്റിയതെന്നും പുനീത് അറിയിച്ചു. യാത്രക്കാരന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിമാനങ്ങള്‍ വ്യോമതാവളത്തില്‍ ഇറക്കുന്നതിന് സാധാരണയായി അനുമതി നല്‍കാറില്ല. ഈ പതിവു തെറ്റിച്ചാണ് എയര്‍ ഇന്ത്യാ വിമാനം വ്യോമതാവളത്തില്‍ ഇറക്കിയത്.