ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാക്കിസ്ഥാന്. നിയമങ്ങള്‍ അനുശാസിക്കുന്ന സഹായം നല്‍കും. വിയന്ന കരാർ പ്രകാരമുള്ള അവകാശങ്ങള്‍ എന്തൊക്കെയെന്ന് ജാദവിനെ അറിയിച്ചു. രാജ്യാന്തര നീതിന്യായ കോടതി വിധി മാനിച്ചാണ് തീരുമാനമെന്നും പാക്കിസ്ഥാന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
‘നയതന്ത്ര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. വിയന്ന കരാർ പ്രകാരമുള്ള അവകാശങ്ങൾ കുൽഭൂഷണിനെ ബോധ്യപ്പെടുത്തി. ഉത്തരവാദിത്ത രാജ്യമെന്ന നിലയിൽ കമാൻഡർ കുൽഭൂഷൺ ജാദവിനു പാക് നിയമങ്ങൾ അനുസരിച്ച് നയതന്ത്ര സഹായം അനുവദിക്കും,” വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Read Also: കുല്ഭൂഷൺ ജാദവിന് തൂക്കുകയറില്ല; വധ ശിക്ഷ തടഞ്ഞ് രാജ്യാന്തര നീതിന്യായ കോടതി
കുൽഭൂഷൺ കേസ് നിയമം അനുസരിച്ച് കൈകാര്യം ചെയ്യുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു. രാജ്യാന്തര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നു. കമാൻഡർ കുൽഭൂഷൺ ജാദവിനെ കുറ്റവിമുക്തനാക്കി, ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനല്ല രാജ്യാന്തര കോടതി വിധിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ജനങ്ങൾക്കെതിരെയാണ് അദ്ദേഹം കുറ്റം ചെയ്തിരിക്കുന്നത്. നിയമം അനുശാസിക്കുന്ന രീതിയിൽ തുടർനടപടികൾ സ്വീകരിക്കും- ഖാൻ ട്വീറ്റ് ചെയ്തു.
കുല്ഭൂഷണ് ജാദവിന്റെ സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജ്യാന്തര കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കര്‍ നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതികരണം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook