പുതിയ പാർലമെന്റ് മന്ദിരത്തിൽ 65,000 മീറ്റർ ചുറ്റളവിൽ പ്രദർശിപ്പിക്കാൻ പോകുന്ന പെയിന്റിംഗുകൾ, അലങ്കാര കലകൾ, ചുമർ പാനലുകൾ, ശിലാ ശിൽപങ്ങൾ, ലോഹ വസ്തുക്കൾ എന്നിങ്ങനെയുള്ള ഏകദേശം 5,000 കലാസൃഷ്ടികൾ സനാതന പരമ്പരയും വാസ്തു ശാസ്ത്രവും അടിസ്ഥാനമാക്കിയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് മനസ്സിലാക്കുന്നു.
ഇവ കൂടാതെ, പുതിയ കെട്ടിടത്തിന്റെ ആറ് പ്രവേശന കവാടങ്ങളിലും “ശുഭസൂചകമായ മൃഗങ്ങളുടെ കാവൽ പ്രതിമകളാണ്. ഇന്ത്യൻ സംസ്കാരം, വാസ്തു ശാസ്ത്രം, ജ്ഞാനം, വിജയം, ശക്തി, വിജയം തുടങ്ങിയ സവിശേഷതകളിൽനിന്നുളള പ്രാധാന്യം അടിസ്ഥാനമാക്കിയാണ് ഈ മൃഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. “കെട്ടിടത്തിൽ സ്ഥാപിക്കാൻ തിരഞ്ഞെടുത്ത ഓരോ മൃഗവും ക്ഷേമവും ഐക്യവും പ്രചരിപ്പിക്കുന്നു,” വൃത്തങ്ങൾ പറഞ്ഞു.
ജ്ഞാനം, സമ്പത്ത്, ബുദ്ധി, ഓർമ്മ എന്നിവയെ പ്രതിനിധീകരിക്കുന്ന ആനയാണ് വടക്ക് ഭാഗത്തേക്കുള്ള ആചാരപരമായ പ്രവേശന കവാടത്തിൽ കാവൽപ്രതിമ. വാസ്തു ശാസ്ത്രമനുസരിച്ച്, വടക്കൻ ദിശ ബുധനുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് ഉയർന്ന ബുദ്ധിയുടെ ഉറവിടത്തെ സൂചിപ്പിക്കുന്നു. തെക്കൻ പ്രവേശന കവാടത്തിൽ ജാഗ്രതയോടെ നിൽക്കുന്ന കുതിരയാണ്. അത് സഹിഷ്ണുതയുടെയും ശക്തിയുടെയും കരുത്തിന്റെയും വേഗതയുടെയും പ്രതീകമാണ്. ഇത് ഭരണത്തിന്റെ ഗുണനിലവാരം സൂചിപ്പിക്കുന്നു. കിഴക്കൻ കവാടത്തിൽ ഉയര്‍ന്ന് നിൽക്കുന്നത് ഗരുഡനാണ്. അത് ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതീകമാണ്. വാസ്തു ശാസ്ത്രത്തിൽ, കിഴക്ക് ഉദയസൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇത് വിജയത്തെ പ്രതിനിധീകരിക്കുന്നു.
വടക്കുകിഴക്കൻ പ്രവേശന കവാടത്തിൽ ഹംസമാണ്. അത് വിവേകത്തെയും ജ്ഞാനത്തെയും പ്രതിനിധീകരിക്കുന്നു. ശേഷിക്കുന്ന പ്രവേശന കവാടങ്ങളിൽ നാനാത്വത്തിൽ ഏകത്വത്തെ പ്രതിനിധീകരിക്കുന്ന മകര (വ്യത്യസ്‌ത മൃഗങ്ങളുടെ ശരീരഭാഗങ്ങളുടെ ചേർന്ന പുരാണകഥാപാത്രമായ ജലജീവി), ശാർദൂല (എല്ലാ ജീവജാലങ്ങളിലും ഏറ്റവും ശക്തമെന്ന് പറയപ്പെടുന്ന ഒരു പുരാണകഥാപാത്രമായ മൃഗം) എന്നിവ പ്രദർശിപ്പിക്കുന്നു. അത് രാജ്യത്തെ ജനങ്ങളുടെ ശക്തിയുടെ പ്രതീകമാണ്.
സ്വാതന്ത്ര്യ സമരത്തിലും ഭരണഘടനാ നിർമ്മാണത്തിലും പങ്കാളികളായ വ്യക്തികൾക്കായി സമർപ്പിച്ചിരിക്കുന്ന ആറ് ഗ്രാനൈറ്റ് പ്രതിമകൾ, രണ്ട് സഭകൾക്കുമായി നാല് ഗാലറികൾ, മൂന്ന് വിശ്രമ മുറികൾ, നിരവധി ഇന്ത്യൻ ഗാലറികളും ഒരു ഭരണഘടന ഗാലറി എന്നിവ ഉടൻ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ കെട്ടിടത്തിലുണ്ടാകും.
പുരാ ശേഖരത്തിൽ നിന്നുള്ള കലാസൃഷ്ടികളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും പുതിയ കെട്ടിടത്തിന്റെ ചുവരുകൾ അലങ്കരിക്കുന്ന എല്ലാ കലാസൃഷ്ടികളും പുതിയതായി കമ്മീഷൻ ചെയ്തതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ആയിരത്തിലധികം കലാകാരന്മാരും കരകൗശലപ്പണിക്കാരും ഈ പ്രക്രിയയിൽ പങ്കാളികളായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പാർലമെന്റ് രാജ്യത്തെ ജനങ്ങളെയും അവരുടെ അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നതുമായതിനാൽ, രാജ്യത്തുടനീളമുള്ള തദ്ദേശീയരും താഴെത്തട്ടിലുള്ള കലാകാരന്മാരെയും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതായി, നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നാഗരികതയുമായും സംസ്‌കാരവുമായും ബന്ധപ്പെട്ട രാജ്യത്തിന്റെ ധാർമ്മികതയും സ്വത്വവും ചിത്രീകരിക്കുന്നതാണ് കലാസൃഷ്ടികളെന്ന് ഒരു ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കെട്ടിടത്തിനുള്ളിൽ, ഓരോ ചുമരിന്റെ തീമുകളും ഓരോ വീക്ഷണത്തെ വിഭാവനം ചെയ്യുന്നു. ഉദാഹരണത്തിന് ഗ്രോത്രവിഭാഗങ്ങളുടെയും വനിതാ നേതാക്കളുടെയും സംഭവനകളെപോലുള്ള ചിത്രീകരിക്കുന്നത് . “5,000 വർഷത്തെ ഇന്ത്യൻ സംസ്കാരത്തെ ” കുറിച്ചുള്ളതാണ് അടിസ്ഥാന ദർശനമെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ, ഇന്ത്യൻ വിജ്ഞാന പാരമ്പര്യങ്ങൾ, ഭക്തി പാരമ്പര്യം, ഇന്ത്യൻ ശാസ്ത്ര പാരമ്പര്യങ്ങൾ, സ്മാരകങ്ങൾ എന്നിവയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുമെന്ന് വിശദീകരിച്ചു.
“കലാസൃഷ്ടികളും അതിന്റെ സ്ഥാപനവും ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന സനാതന പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു. അതോടൊപ്പം, മൊത്തത്തിലുള്ള തീം രൂപകൽപ്പന ചെയ്തിരിക്കുന്നത് കെട്ടിടത്തിന്റെ സ്വഭാവം നിലനിർത്തുന്നതും വാസ്തു ശാസ്ത്രവും അനുസരിച്ചാണ്,” പുതിയ മന്ദിരത്തിലെ കലാസൃഷ്ടിയുടെ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഔദ്യോഗിക വിഷൻ ഡോക്യുമെന്റ് അവലോകനം ചെയ്തിൽ നിന്നും ദി ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കുന്നു.

സനാതന പരമ്പര നൂറ്റാണ്ടുകളായി തുടരുന്നു എന്ന വിശ്വസിക്കപ്പെടുന്ന ഹിന്ദു സംസ്കാരത്തെ സൂചിപ്പിക്കുന്നു. രൂപകൽപ്പന, ലേഔട്ട്, അളവുകൾ, സ്പേസ് ക്രമീകരണം, സ്പേഷ്യൽ ജ്യോമെട്രി എന്നിവയുടെ തത്വങ്ങൾ വിവരിക്കുന്ന പുരാതന ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത ഇന്ത്യൻ വാസ്തുവിദ്യയാണ് വാസ്തു ശാസ്ത്രം.
പാർലമെന്റ് മന്ദിരം ഒരു പൊതു ഗാലറിയോ മ്യൂസിയമോ അല്ലാത്തതിനാൽ, ഗൗരവമായ കലയ്ക്കോ ഉയർന്ന സാങ്കേതികവിദ്യയ്‌ക്കോ ഇവിടെ സാധ്യതയില്ലെന്ന് മറ്റൊരു ഔദ്യോഗിക കേന്ദ്രം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ചില സ്ഥലങ്ങളിൽ ഡിജിറ്റൽ ഡിസ്പ്ലേകൾ ഉപയോഗിക്കും. പുതിയ കെട്ടിടത്തിന്റെ ഇന്റീരിയർ ആസൂത്രണം ചെയ്യുന്നതിന്, സാംസ്കാരിക മന്ത്രാലയം അക്കാദമിക്കുകൾ, ചരിത്രകാരന്മാർ, കലാകാരന്മാർ, പുരാവസ്തു ഗവേഷകർ, സാംസ്കാരിക, നഗര വികസന മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം കെട്ടിടത്തിന്റെ മേൽക്കൂരയിലെ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തിരുന്നു. 6.5 മീറ്റർ ഉയരവും 9,500 കിലോഗ്രാം ഭാരമുള്ള ദേശീയ ചിഹ്നം വെങ്കലത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ എച്ച്സിപി ഡിസൈനിലെ ബിമൽ പട്ടേലാണ് ത്രികോണാകൃതിയിലുള്ള ഈ കെട്ടിടത്തിന്റെ ആർക്കിടെക്റ്റ്. ഇന്ത്യയിലുടനീളമുള്ള വാസ്തുവിദ്യാ ശൈലികൾ ഇതിൽ ഉൾക്കൊള്ളുന്നു. ഒരു ആൽ മരത്തിനായി 2,000 ചതുരശ്ര മീറ്റർ തുറന്ന വിസ്തീർണ്ണം ഈ കെട്ടിടത്തിലുണ്ടാകും.
സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമാണ്1200 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാർലമെന്റ് മന്ദിരം. ജോയിന്റ് സെൻട്രൽ സെക്രട്ടേറിയറ്റ്, രാജ്പഥിന്റെ നവീകരണം, പ്രധാനമന്ത്രിയുടെ പുതിയ വസതി, പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ്, എന്നിവയാണ് സെൻട്രൽ വിസ്ത പദ്ധതിയുടെ മറ്റ് നിർമ്മാണപ്രവൃത്തികൾ.