ജാംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ അഞ്ച് പൊലീസുകാരെ മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരിലാണ് സംഭവം നടന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്.
ജാംഷഡ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുളള സരൈകേല ജില്ലയിലെ ഒരു ചന്തയിലാണ് അക്രമണം നടന്നത്. വൈകുന്നേരും പൊലീസുകാര്‍ പട്രോളിങ്ങിന് ഇറങ്ങിയപ്പോഴാണ് സംഭവം. രണ്ട് മാവോയിസ്റ്റുകളാണ് അക്രമം നടത്തിയതെന്നാണ് വിവരം.
അഞ്ച് പൊലീസുകാര്‍ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരുടെ ആയുധങ്ങളും മാവോയിസ്റ്റുകള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്. പശ്ചിമബംഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തി പ്രദേശമാണ് ഇവിടം.
ഈ മാസം ആദ്യം ധുംക ജില്ലയില്‍ ഒരു സൈനികനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. സരൈകേലയില്‍ തന്നെ മെയ് 28ന് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. അന്ന് ഗുരുതരമായി പരുക്കേറ്റ ഒരു സിആര്‍പിഎഫ് ജവാന്‍ ഇന്ന് ഡല്‍ഹി എയിംസില്‍ മരണത്തിന് കീഴടങ്ങിയിരുന്നു.