ന്യൂഡല്‍ഹി: രാജ്യത്ത് പൊലീസ് തസ്തികകളിലേക്ക് 5.28 ലക്ഷം ഒഴിവുകള്‍ ഉളളതായി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍. ഇതില്‍ 1.29 ലക്ഷം ഒഴിവുകള്‍ ഉത്തര്‍പ്രദേശില്‍ മാത്രമാണ്. ബിഹാറില്‍ 50,000 ഒഴിവുകളുണ്ട്. പശ്ചിമബംഗാളില്‍ 49,000 ഒഴിവുകളാണുളളത്.

എല്ലാ സംസ്ഥാനങ്ങളുടേയും കണക്കെടുത്താല്‍ 23,79,728 തസ്തികകളാണ് അനുവദിച്ചിട്ടുണ്ടായിരുന്നത്. ഇതില്‍ 2018 ജനുവരി ഒന്നോടെ 18.51,332 തസ്തികകളിലേക്ക് നിയമനം നടന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.

അന്ന് 5,28,396 തസ്തികകളില്‍ ഒഴിവുണ്ടായിരുന്നവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ 4,14,492 പൊലീസ് തസ്തികയാണ് ഉണ്ടായിരുന്നത്. ഇതില്‍ 1,28,952 തസ്തികകളില്‍ ഇപ്പോഴും നിയമനം നടന്നിട്ടില്ല.

അത്സമയം നാഗാലാന്‍ഡ് പൊലീസില്‍ ആവശ്യമുളള പൊലീസിനേക്കാളും കൂടുതല്‍ ഉണ്ടെന്നുളളത് ശ്രദ്ധേയമായി. 21,929 ആണ് അനുവദിക്കപ്പെട്ട തസ്തികയെങ്കിലും 941 പേരുടെ അധിക നിയമനം ഉണ്ടായി.

റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളിലെ കാലതാമസം, വിരമിക്കല്‍, അകാലമരണം എന്നിവയാണ് ഒഴിവുകള്‍ വരാനുളള പ്രധാന കാരണങ്ങള്‍. തമിഴ്നാട് പൊലീസില്‍ 22,420 പേരുടെ ഒഴിവാണുളളത്. കര്‍ണാടക പൊലീസില്‍ 21,943 ഒഴിവുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook