കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ബംഗാളില്‍ നിന്നുളള 13 നടിമാരും നടന്മാരും കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. 13 പേരും കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലെത്തി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. ബംഗാളില്‍ ബിജെപിയില്‍ ചേരുന്നത് ജീവന് ഭീഷണിയുളള കാര്യമാണെന്ന് ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ബംഗാളി ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും അഭിനയിച്ചവരാണ് ഇവര്‍.
റിഷ് കൗഷിക്, പര്‍ണോ മിത്ര, കാഞ്ചന മോയിത്ര, രൂപാഞ്ചന മിത്ര, ബിശ്വജിത് ഗാംഗുലി, ഡെബ് രഞ്ജന്‍ നാഗ്, അരീന്ദം ഹല്‍ദര്‍, മൗമിത ഗുപ്ത, അഹീന്ദ്യ ബാനര്‍ജി, സൗരവ് ചക്രവര്‍ത്തി, രൂപാ ഭട്ടാചാര്യ, അഞ്ജന ബസു, കൗശിക് ചക്രബര്‍ത്തി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. നടിമാരായ മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും തൃണമൂലിന് വേണ്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു.
ഇതിനുളള ബിജെപിയുടെ മറുപടിയായിട്ടാണ് താരങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ താരങ്ങളുടെ വരവ് പാര്‍ട്ടിക്ക് ബംഗാളില്‍ ശക്തി പകരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ബംഗാളി സിനിമാ മേഖലയില്‍ നിന്നും മുമ്പ് പലരും തൃണമൂലില്‍ ചേര്‍ന്നിരുന്നു. ശതാബ്ദി റോയ്, തപസ് പല്‍, സന്ധ്യ റോയ് എന്നിവരൊക്കെ പാര്‍ട്ടിയുടെ സിനിമാ താരങ്ങളാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനോട് കനത്ത പോരാട്ടമാണ് ബിജെപി നടത്തിയത്. 22 സീറ്റ് തൃണമൂല്‍ നേടിയപ്പോള്‍ ബിജെപി 18 എണ്ണം നേടി.