ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്‍റിൽ പാസാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നാളെ ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കും. 24 മണിക്കൂർ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം ഒഴിവാക്കും.

ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാനവർഷ ദേശീയ പരീക്ഷയ്ക്ക് ശുപാർശ ചെയ്യുന്ന മെഡിക്കൽ കമ്മീഷൻ ബിൽ ഇന്നലെ ലോക്സഭ പാസാക്കിയിരുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്ലിലുണ്ട്. എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതിന്റെ മാര്‍ക്കാവും എംഡി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും പരിഗണിക്കുക.

പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷനു കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങൾ, സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണം. പുതിയ ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ ഇതൊക്കെയാണ്.

ചില സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ എന്ന വ്യാജേന മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള തീരുമാനം രാജ്യത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. രാജ്യത്തെ പൊതു ജനാരോഗ്യത്തിന് എതിരെയുള്ള ഈ വെല്ലുവിളിയില്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളവര്‍ പ്രതികരിക്കണമെന്നും, കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook