ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ ലോക്‌സഭ ഇന്ന് ചർച്ചയ്ക്ക് എടുത്തില്ല. ബിൽ ലോക്‌സഭ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. ബജറ്റ് സമ്മളനത്തിനു മുൻപ് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്പീക്കർ നിർദേശിച്ചു. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതോടെ ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു.

ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്കിന് ആഹ്വാനം നടത്തിയത്. ഹോമിയോ, ആയുര്‍വേദം തുടങ്ങി ഇതരവിഭാഗങ്ങള്‍ പഠിച്ചവര്‍ക്ക് പ്രത്യേക പരീക്ഷ വിജയിച്ച് അലോപ്പതി ചികില്‍സ നടത്താം എന്നതുള്‍പ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെയാണ് ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കിയത്. എംബിബിഎസ് പാസാകുന്നവര്‍ക്ക് പരിശീലനം നടത്താൻ നെക്സ്റ്റ് പരീക്ഷയും കേന്ദ്രം ബിൽ വഴി നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ഥികളും പഠിപ്പു മുടക്കിയിരുന്നു.

അത്യാഹിത വിഭാഗം, കിടത്തി ചികിത്സാ വിഭാഗം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഡോകട്ർമാരുടെ സമരത്തിൽ വലഞ്ഞത് രോഗികളായിരുന്നു. ഐഎംഎ ആഹ്വാനം ചെയ്ത സമരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുളളവയുടെ പ്രവർത്തനം സ്തംഭിപ്പിച്ചു. സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ച് സമരത്തിന് പിന്തുണ പ്രകടിപ്പിച്ചു. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ) നേതൃത്വത്തിലാണ് ഒപി ബഹിഷ്കരിച്ച് സമരത്തിന് പിന്തുണ നൽകിയത്. രാവിലെ 9 മുതൽ 10 വരെയായിരുന്നു ഒപി ബഹിഷ്കരണം.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗികളെ പരിശോധിക്കാൻ എത്തിയ ഡോക്ടറെ നിർബന്ധിപ്പിച്ച് സമരത്തിന് ഇറക്കി. പനി മൂലം വലഞ്ഞ സ്ത്രീ കരഞ്ഞ് അപേക്ഷിച്ചിട്ടും ഡോക്ടർ ചികിൽസിക്കാൻ തയ്യാറായില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനവും ഏറെക്കുറെ നിലച്ച മട്ടിലായിരുന്നു. സ്വകാര്യ ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിച്ചത്. സർക്കാർ ഡോക്ടർമാർ ഇന്നു സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ