scorecardresearch

യങ് ഇന്ത്യന്‍ ഓഫീസ് മുദ്രവച്ച് ഇ ഡി; സോണിയുടെ വസതിക്കുപുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി

നാഷണല്‍ ഹെറാള്‍ഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഹെറാള്‍ഡ് ഹൗസ് ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ ചൊവ്വാഴ്ച ഇ ഡി റെയ്ഡ് നടത്തിയിരുന്നു

National herald, enforcement directorate, Sonia Gandhi, Rahul Gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉടമസ്ഥതയില്‍ ന്യൂഡല്‍ഹിയിലുള്ള ഹെറാള്‍ഡ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന യങ് ഇന്ത്യന്‍ (വൈ ഐ) ഓഫീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുദ്രവച്ചു. ഓഫീസ് മുന്‍കൂര്‍ അനുമതിയില്ലാതെ തുറക്കരുതെന്ന് ഇ ഡി നിര്‍ദേശം നല്‍കി.

അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജന്‍പഥിലെ വീടിനു പുറത്ത് ഡല്‍ഹി പൊലീസ് സുരക്ഷ ശക്തമാക്കി. അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിനു പുറത്ത് പൊലീസിനെ വിന്യസിക്കുകയും തെരുവുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

”എ ഐ സി സി പ്രവര്‍ത്തകരും പൊതുജനങ്ങളും എ ഐ സി സി ആസ്ഥാനത്തിനും മറ്റു പ്രദേശങ്ങള്‍ക്കും പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയേക്കുമെന്ന് സ്‌പെഷല്‍ ബ്രാഞ്ചില്‍നിന്ന് വിവരം ലഭിച്ചു. പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനാല്‍ അനിഷ്ടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്,” ബന്ധപ്പെട്ട വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ആളുകളെ ഭയപ്പെടുത്താനുള്ള തന്ത്രമാണെന്നാണ് ഇ ഡിയുടെ ഇന്നത്തെ നീക്കത്തെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശേഷിപ്പിച്ച്െ. ”ഇത് ആളുകളെ ഭയപ്പെടുത്താനുള്ള തന്ത്രം മാത്രമാണ്. എന്നാല്‍ ജനം ഭയപ്പെടില്ല. അവര്‍ കലാപത്തിലെൂടെ ഉയര്‍ത്തെഴുന്നേല്‍ക്കും,” അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനുപിന്നാലെയാണു യങ് ഇന്ത്യന്‍ ഓഫീസ് മുദ്രവച്ചിരിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണല്‍സ് ലിമിറ്റഡി(എ ജെ എല്‍)ന്റെ രജിസ്റ്റേഡ് ഓഫീസ് വിലാസമാണ് ഹെറാള്‍ഡ് ഹൗസ്.

ഗാന്ധി കുടുംബവുമായി ബന്ധമുള്ള സ്ഥാപനമായ യങ് ഇന്ത്യന്‍, എ ജെ എല്ലിനെ ഏറ്റെടുത്തതു സംബന്ധിച്ച് ഇ ഡി അന്വേഷണം നടക്കുകയാണ്. കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മകന്‍ രാഹുല്‍ ഗാന്ധിയെയും ഇ ഡി പലതവണ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

ചൊവ്വാഴ്ച നടന്ന റെയ്ഡിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ ‘നശിപ്പിക്കാനുള്ള’ കേന്ദ്രത്തിന്റെ കൈയിലെ ‘ഉപകരണം’ ആയി ഇ ഡി മാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇ ഡിയുടെ ദുരുപയോഗം സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പാര്‍ട്ടിയെ അനുവദിക്കുന്നില്ലെന്നു ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും കുറ്റപ്പെടുത്തി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: National herald office sealed by ed