ചെന്നൈ: കേരള – തമിഴ്നാട് അതിർത്തിയിലെ കണികാ പരീക്ഷണത്തിനുള്ള അനുമതി ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. ഹരിത ട്രൈബ്യൂണലിന്രെ ചെന്നൈ ബെഞ്ചാണ് അനുമതി റദ്ദാക്കിയത്. ജസ്റ്റിസ് ജ്യോതിമണി അധ്യക്ഷനായ ബെഞ്ചാണ് പാരിസ്ഥിതികാനുമതി റദ്ദാക്കിയത്.

കേരള – തമിഴ്നാട് അതിർത്തിയിലെ തേനി ജില്ലയിലാണ് കണിക പരീക്ഷണം നടത്താൻ തീരുമാനിച്ചിരുന്നത്. 4300 അടി താഴ്ചയിലാണ് പരീഷണ ശാല നിർമ്മിക്കാൻ നിശ്ചയിച്ചിരുന്നത്. ഭൂമിക്കടിയിലെ ന്യുട്രീനോ കണികകളുടെ സാന്നിധ്യത്തെപ്പറ്റിയാണ് പഠനം നടത്താൻ നിശ്ചയിച്ചിരുന്നത്. കണികാ പരീക്ഷണത്തിനുള്ള പാരിസ്ഥിതികാനുമതിയെപ്പറ്റി പഠനം നടത്തിയ ഏജൻസിയുടെ കണ്ടെത്തലുകളെ കോടതി അംഗീകരിച്ചില്ല. അംഗീകൃത ഏജന്‍സിയല്ല പാരിസ്ഥിതിക പഠനം നടത്തിയതെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. മറ്റൊരു ഏജൻസിയെക്കൊണ്ട് പുതിയൊരു പഠനം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2009 ൽ നീലഗിരി മലയിലാണ് ഈ പരീക്ഷണം നടത്താൻ തീരുമാനിച്ചത്. എന്നാൽ അന്നത്തെ യുപിഎ സർക്കാർ ഇതിന് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ബോധിനായക്കന്നൂരിലെ പൊട്ടിപ്പുറം മലനിരകളിലേക്ക് പരീക്ഷണം മാറ്റാൻ തീരുമാനിച്ചു. ഇതിന് കേന്ദ്രമന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകുകയും ചെയ്തു. പക്ഷെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ഈ കണികാ പരീക്ഷണത്തിന് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. വിവിധ പരിസ്ഥിതി സംഘടനകളും ഇതിന് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. തുടർന്നാണ് ഈ വിഷയം കോടതിയിലേക്ക് എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ