ന്യൂഡല്‍ഹി: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ പുരസ്‌കാര വിതരണ ചടങ്ങ് നടക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ ചടങ്ങില്‍ അതിഥിയായിരുന്നു. എട്ട് പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.
മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവ്ഗണും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്‌കാരം അപര്‍ണാ ബാലമുരളിയും ഏറ്റുവാങ്ങി. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ അന്തരിച്ച സംവിധായകന്‍ സച്ചിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാരം. മികച്ച സഹനടനായി ബിജു മേനോന്‍, മികച്ച ഗായിക നഞ്ചിയമ്മ, സഹനടനുള്ള പുരസ്‌കാരം ബിജു മേനോന്‍ ഏറ്റുവാങ്ങി. മികച്ച സംഘട്ടന സംവിധാനനുള്ള പുരസ്‌കാരം മാഫിയാ ശശി,രാജശേഖര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ഏറ്റുവാങ്ങി.
നടി ആശാ പരേഖിന് 2020-ലെ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം നല്‍കി ആദരിച്ചു. മികച്ച മലയാള സിനിമയായി സെന്ന ഹെഗ്‌ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ തെരഞ്ഞെടുത്തപ്പോള്‍ സെപ്ഷ്യല്‍ ജൂറി പുരസ്‌കാരം നേടി ‘വാങ്ക്’ ശ്രദ്ധ നേടി. ഓഡിയോഗ്രഫി -വിഷ്ണു ഗോവിന്ദ് (മാലിക്), ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലൂടെ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നിഖില്‍ എസ് പ്രവീണിനാണ് ലഭിച്ചത്. മികച്ച പുസ്തകത്തിന് അനൂപ് രാമകൃഷ്ണനും (എംടി: അനുഭവങ്ങളുടെ പുസ്തകം) തെരഞ്ഞെടുക്കപ്പെട്ടു. പ്രൊഡക്ഷന്‍ ഡിസൈന്‍ – അനീസ് നാടോടി (കപ്പേള) എന്നിവരും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.
നഞ്ചിയമ്മയ്ക്ക് സദസ്സിന്റെ ആദരം
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മ ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം വാങ്ങുമ്പോള്‍ സദസ്സ് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. നഞ്ചിയമ്മയുടെ പുരസ്‌കാരത്തില്‍ അഭിമാനം തോന്നുന്നുവെന്ന് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. കേരളത്തിലെ ഒരു ചെറിയ ഗോത്രവിഭാഗത്തില്‍ നിന്നുള്ള നാടന്‍പാട്ടുകാരിയാണ് നഞ്ചിയമ്മ എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.
മറ്റ് പുരസ്‌കാരങ്ങള്‍
സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും)
ഗായകന്‍: രാഹുല്‍ ദേശ്പാണ്ഡെ
ക്യാമറ: സുപ്രതിം ബോല്‍(അവിജാത്രിക്)
എഡിറ്റിങ്: ശ്രീകര്‍ പ്രസാദ് (ശിവരഞ്ജിനിയും സില പെണ്‍കളും)
സംഗീതസംവിധാനം: തമന്‍ (അല വൈകുണ്ഠപുരം ലോ), ജി.വി. പ്രകാശ് (സൂററൈ പോട്ര്)
പശ്ചാത്തല സംഗീതം: ജി.വി. പ്രകാശ്(സൂററൈ പോട്ര്)
പുതുമുഖ സംവിധായകന്‍: മഡോണ അശ്വിന്‍(മണ്ടേല)
ജനപ്രിയ ചിത്രം: താനാജി ദ് അണ്‍സങ് വാരിയര്‍ (സംവിധായകന്‍: ഓം റൗത്)
കുട്ടികളുടെ ചിത്രം: സുമി സിനിമ
ഗാനരചന: മനോജ് മുന്‍താഷിര്‍
നൃത്തസംവിധാനം: സന്ധ്യ രാജു(നാട്യം)
ചമയം: റാം ബാബു(നാട്യം)
തമിഴ് ചിത്രം: ശിവരഞ്ജിനിയും സില പെണ്‍കളും
തെലുങ്ക് ചിത്രം : കളര്‍ ഫോട്ടോ
സിനിമാ സംബന്ധിയായ പുസ്തകം: ദ ലോങ്ങസ്റ്റ് കിസ് (കിശ്വര്‍ ദേശായി)