ന്യൂഡൽഹി: പ്രധാനപ്പെട്ട 11 അവാർഡുകളൊഴിച്ച് മറ്റെല്ലാ അവാർഡുകളും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിന് എതിരെ ദേശീയ ചലച്ചിത്രം അവാർഡ് ജേതാക്കളുടെ പ്രതിഷേധം. പ്രതിഷേധിച്ച പലരും പുരസ്കാരദാന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കും എന്നാണ് തീരുമാനിച്ചിരിക്കുന്നത്. പുരസ്കാര വിതരണത്തിലെ കീഴ്വഴക്കങ്ങള്‍ അട്ടിമറിക്കപ്പെടുന്നതാണ് പുരസ്കാര ജേതാക്കളുടെ പ്രതിഷേധത്തിലേക്ക് വഴിവച്ചത്. പുരസ്കാരം ലഭിച്ച അറുപത്തിയഞ്ചുപേരുടെ പ്രതിഷേധം അറിയിക്കുന്ന കത്ത് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന് കൈമാറി.

മികച്ച സിനിമ, മികച്ച നടന്‍, മികച്ച നടി എന്നിവയടക്കം 11 പുരസ്കാരങ്ങള്‍ മാത്രമാകും രാഷ്ട്രപതി നല്‍കുക എന്ന വിവരം പുരസ്കാര ജേതാക്കള്‍ അറിയുന്നത് ഇന്നലെ വൈകീട്ടാണ്. കേന്ദ്ര വാര്‍ത്താ വിനിമയ സംപ്രേക്ഷണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡുമാകും മറ്റ് പുരസ്കാരങ്ങള്‍ നല്‍കുക. ഇന്നലെ വൈകിട്ട് പുരസ്കാര ജേതാക്കള്‍ക്കായി ഡല്‍ഹിയില്‍ റിഹേ‌ഴ്‌സല്‍ സംഘടിപ്പിച്ചിരുന്നു. തീരുമാനം അറിയിച്ചതോടെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുങ്ങിയത്. പുരസ്കാര ജേതാക്കള്‍ പ്രതിഷേധിച്ചതോടെ മന്ത്രി സ്മൃതി ഇറാനി തന്നെ എത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു.

ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവാദത്തില്‍, പ്രതിഷേധവുമായി പുരസ്‌കാര ജേതാക്കള്‍

ഉപരാഷ്ട്രപതി അവാർഡ് നൽകിയാൽ സ്വീകരിക്കും എന്നാണ് അവാർഡ് ജേതാക്കൾ നിലപാട് എടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിയാണ് നൽകുന്നതെങ്കിൽ സ്വീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. മികച്ച ഗായകനുളള അവാർഡ് നേടിയ യേശുദാസ്, നടി പാർവ്വതി, സംവിധായകൻ ജയരാജ് അടക്കമുളളവർ ഒപ്പിട്ട കത്ത് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന് കൈമാറി.

എന്നാല്‍ നിവേദനത്തില്‍ ഒപ്പിട്ടു എന്നല്ലാതെ പരിപാടി ബഹിഷ്കരിക്കുമെന്ന നിലപാടില്ല എന്നാണ് ജയരാജും യേശുദാസും അറിയിച്ചത്. രാഷ്ട്രപതി പുരസ്കാരം നല്‍കുന്ന പതിനൊന്ന് പേരില്‍ പെട്ടവരാണ് ഇരുവരും. അതേസമയം തങ്ങള്‍ പ്രതിഷേധിക്കുകയാണ് എന്നും പുരസ്കാരം ഏറ്റുവാങ്ങുന്നില്ല എന്നുമാണ് സ്മൃതി ഇറാനിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങേണ്ടവരില്‍ പലരും അറിയിക്കുന്നത്.

പുരസ്കാരദാന ചടങ്ങിലേക്ക് പോകണ്ടവര്‍ക്കായുള്ള വണ്ടി ഉച്ചയ്ക്ക് ഒന്നരയോട് കൂടി ഹോട്ടലില്‍ എത്തിയെങ്കിലും പലരും ഹോട്ടല്‍ മുറി വിട്ടുപോയില്ല. “ഇത് ഇപ്പോള്‍ തുടങ്ങിയ ഒരു സംഭവമല്ലല്ലോ. കീഴ്വഴക്കങ്ങളുടെ ലംഘനം മാത്രമായ് ഇതിനെ കാണരുത്. രാഷ്ട്രപതി നല്‍കി കൊണ്ടിരുന്ന പുരസ്കാരത്തെ വകുപ്പ് തലത്തിലുള്ള ഒരു പുരസ്കാരമായി ചുരുക്കുകയാണ്. ഇത് നയപരമായ മാറ്റം തന്നെയാണ്.” മികച്ച ആന്ത്രപോളജികല്‍ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സംവിധായകന്‍ നിതിൻ. ആർ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

പ്രതിഷേധം ഉയർന്നതോടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേരിട്ട് സ്ഥലത്തെത്തി തീരുമാനം രാഷ്ട്രപതിയുടേതാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമക്കാരുടെ എതിർപ്പ് രാഷ്ട്രപതിയെ അറിയിക്കാമെന്ന് ഉറപ്പുപറഞ്ഞ കേന്ദ്രമന്ത്രി പിന്നീട് യാതൊരു അറിയിപ്പും നൽകിയില്ല. ഇതോടെയാണ് ദേശീയ അവാർഡ് ദാന ചടങ്ങിൽ വിട്ടുനിൽക്കാൻ തീരുമാനിച്ചത്. മികച്ച സഹതാരത്തിനുള്ള പുരസ്കാരം നേടിയ ഫഹദ് ഫാസില്‍. മികച്ച നടിക്കുളള പ്രത്യേക പരാമർശം നേടിയ നടിയ പാർവ്വതി അടക്കമുളളവരും പ്രതിഷേധ കുറിപ്പിൽ ഒപ്പുവച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook